ഒടുവിൽ നറുക്ക് വീണത് കെ സി വേണുഗോപാലിന്? കേരള മുഖ്യമന്ത്രി തീരുമാനം അന്തിമഘട്ടത്തിൽ ഹൈക്കമാൻഡ് പ്രഖ്യാപനം വേഗത്തിലാക്കുന്നു

ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ ചർച്ചകളിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുന്നിലെന്ന സൂചനകൾ ശക്തമാകുന്നു. ഹൈക്കമാൻഡ് തീരുമാനം വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നതെന്നും പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകാമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഉപമുഖ്യമന്ത്രി പദവി ഉണ്ടാകില്ലെന്ന തരത്തിലുള്ള വിവരങ്ങളും പുറത്ത് വരുന്നു. മുഖ്യമന്ത്രി പ്രഖ്യാപനം കേരളത്തിൽ വേണോ ഡൽഹിയിൽ വേണോ എന്നതിലും കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിൽ ചർച്ച തുടരുകയാണ്.

ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണ കെ സി വേണുഗോപാലിനാണെന്നും, അദ്ദേഹത്തെ ഒഴിവാക്കുന്നത് ഉചിതമല്ലെന്ന നിലപാട് രാഹുൽ ഗാന്ധി സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ മുൻ പ്രതിപക്ഷ നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ മറികടന്ന് കേന്ദ്ര നേതാവായ വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംസ്ഥാന കോൺഗ്രസിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നു.

ഈ വിഷയത്തിൽ കെ സി വേണുഗോപാലിന്റെ സ്ഥാനാർത്ഥിത്വത്തോട് എതിർപ്പ് അറിയിച്ചുകൊണ്ട് വി ഡി സതീശൻ രാഹുൽ ഗാന്ധിയെ സമീപിച്ചതായും വിവരം പുറത്തുവരുന്നു.

ഇതിനിടെ, പ്രതിപക്ഷ നേതൃസ്ഥാനത്തെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ മുന്നോട്ടുവച്ച ഒത്തുതീർപ്പ് ഫോർമുലയും വീണ്ടും ചർച്ചയാകുന്നു. സീനിയോറിറ്റി പരിഗണിച്ച് ആദ്യം രണ്ടര വർഷം രമേശ് ചെന്നിത്തലയ്ക്കും തുടർന്ന് രണ്ടര വർഷം വി ഡി സതീശനുമെന്നായിരുന്നു നിർദേശം.

ഇന്നലെ ഡൽഹിയിൽ നിർണായക ചർച്ചകൾ നടന്നിരുന്നില്ല. രാഹുൽ ഗാന്ധി ചെന്നൈയിലേക്കുള്ള യാത്രയിൽ ആയിരുന്നു. ഖാർഗെ ഇന്ന് വൈകിട്ട് ഡൽഹിയിലെത്തുമെന്നാണ് വിവരം. തുടർന്ന് സോണിയാ ഗാന്ധിയുടെയും മുതിർന്ന നേതാവ് എ കെ ആന്റണിയുടെയും അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം.

കേരളത്തിലെ പുതിയ മുഖ്യമന്ത്രി ആരാകും എന്നത് കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ഘട്ടമായി മാറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button