കോൺഗ്രസിൽ അധിക്ഷേപ രാഷ്ട്രീയം വേണ്ട; ഉമ്മൻചാണ്ടിയുടെ ഫ്ലക്സുകൾ തകർത്തതിൽ ടി. സിദ്ദിഖ് അതൃപ്തി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കൾക്കെതിരെ നടക്കുന്ന പരസ്യ അധിക്ഷേപങ്ങൾക്കും പ്രതിഷേധങ്ങൾക്കുംതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ടി. സിദ്ദിഖ്. പൊതുമധ്യത്തിൽ നേതാക്കളെ അപമാനിക്കുന്ന രീതി പാർട്ടിയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും ഇത്തരം പ്രവണതകളിൽ തനിക്ക് കടുത്ത അമർഷവും വേദനയും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവർ പാർട്ടിയുടെ സമുന്നത നേതാക്കളാണെന്നും ഇവർ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾക്കിടെ സമൂഹമാധ്യമങ്ങളിലും പൊതുയിടങ്ങളിലും ചിലർ പരിധിവിട്ട പെരുമാറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫ്ലക്സുകൾ പോലും വികൃതമാക്കുന്നത് അത്യന്തം ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിൽ എല്ലാ നേതാക്കൾക്കും തുല്യ പങ്കുണ്ടെന്നും ഒരാളെ മാത്രം ലക്ഷ്യമിട്ട് ഇകഴ്ത്തിക്കാട്ടുന്ന സമീപനം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ടി. സിദ്ദിഖ് ആവശ്യപ്പെട്ടു. വി.ഡി. സതീശൻ തന്നെ പ്രവർത്തകരോട് വ്യക്തമായ നിർദ്ദേശം നൽകിയിട്ടും അധിക്ഷേപങ്ങൾ തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും അക്രമാസക്തമായ രീതിയിലുള്ള പ്രതിഷേധങ്ങളും അധിക്ഷേപങ്ങളും പാർട്ടി ഗൗരവത്തോടെ കാണണമെന്നും സിദ്ദിഖ് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡാണ് കൈക്കൊള്ളുകയെന്നും ആ പ്രക്രിയ ഇപ്പോൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *