എൽഡിഎഫിൽ പ്രതിസന്ധി രൂക്ഷം; സിപിഎമ്മിനെതിരെ കേരള കോൺഗ്രസ് എംയുടെ കടുത്ത വിമർശനം

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മിനെതിരെ വിമർശനവുമായി കേരള കോൺഗ്രസ് എം. ജനങ്ങളുടെ മനോഭാവം തിരിച്ചറിയാൻ എൽഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും സിപിഎം നേതാക്കളുടെ ഇടപെടലുകൾ വേണ്ടത്ര ജനകീയമായിരുന്നില്ലെന്നും കേരള കോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ വിമർശനം ഉയർന്നു.

സിപിഎമ്മിനുണ്ടായ തിരിച്ചടിയാണ് മുന്നണിക്ക് ആകെ ദോഷമായതെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ. മത്സരിച്ച എല്ലാ സീറ്റുകളിലുമുണ്ടായ പരാജയത്തിന്റെ കാരണങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിനായാണ് പാർട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേർന്നത്.

ചില മണ്ഡലങ്ങളിൽ സിപിഎം വോട്ടുകൾ കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികൾക്ക് പൂർണമായി ലഭിച്ചില്ലെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. മുന്നണി മാറ്റത്തിനുള്ള രാഷ്ട്രീയ സാധ്യതകൾ നേതൃത്വം നഷ്ടപ്പെടുത്തിയെന്നും ചില നേതാക്കൾ അഭിപ്രായപ്പെട്ടു.

പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. എല്ലാ വിഷയങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യുമെന്ന് യോഗത്തിന് മുൻപ് ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.

കനത്ത തോൽവി ഉണ്ടായെങ്കിലും എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും പരസ്യ പ്രസ്താവനകൾ നടത്തി പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കരുതെന്നും ജോസ് കെ മാണി പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

അതേസമയം, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഎമ്മിനകത്ത് സംഘടനാപരമായ വിമർശനങ്ങൾ ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇന്ന് ഡൽഹിയിലേക്ക് തിരിക്കും. നാളെ ചേരുന്ന സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം അവതരിപ്പിക്കും.

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിലും പിബി യോഗത്തിൽ നിർണായക തീരുമാനമുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *