സിപിഎമ്മിൽ കടുത്ത ആത്മപരിശോധന; പിണറായിക്കും എംവി ഗോവിന്ദനുംതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനെതിരെയും പാർട്ടിയുടെ പ്രവർത്തന ശൈലിയെക്കുറിച്ചും കടുത്ത വിമർശനങ്ങൾ ഉയർന്നതായി റിപ്പോർട്ട്. പാർട്ടിക്കുള്ളിൽ നേതാക്കളുടെ മുന്നിൽ കാര്യങ്ങൾ തുറന്ന് പറയാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും സംഘടനാ സംവിധാനം ആദ്യം തിരുത്തണമെന്നുമാണ് നിരവധി നേതാക്കൾ ആവശ്യപ്പെട്ടത്.

തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്യാൻ നാല് മണിക്കൂർ മാത്രം നിശ്ചയിച്ചിരുന്ന യോഗം, നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേൾക്കണമെന്ന നിലപാടിനെ തുടർന്ന് 13 മണിക്കൂർ നീണ്ടു. രാത്രി വൈകിയും നീണ്ട ചർച്ചകളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പതിവില്ലാത്ത വിധം രൂക്ഷ വിമർശനങ്ങൾ നേരിട്ടുവെന്നാണ് സൂചന.

പാർട്ടി അംഗങ്ങളുടെ മനസ് പോലും എൽഡിഎഫിന് അനുകൂലമായിരുന്നില്ലെന്നും എല്ലാവരെയും തുറന്ന മനസോടെ കേൾക്കാൻ പാർട്ടി തയ്യാറാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പറയാനുള്ളത് പറയാനും കേൾക്കാനും തിരുത്തലുകൾ നടത്താനും നേതൃത്വം സമയം കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രവർത്തന ശൈലി സംബന്ധിച്ചും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. സംഘടനാപരമായ കാര്യങ്ങളിൽ ആവശ്യമായ ജാഗ്രത കാണിക്കുന്നില്ലെന്നും ശക്തികേന്ദ്രങ്ങളിലുണ്ടായ തോൽവി ഗൗരവത്തോടെ പരിശോധിക്കണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഗോവിന്ദൻ സ്ഥാനം ഒഴിയണമെന്ന ആവശ്യം വരെ ചിലർ ഉന്നയിച്ചതായാണ് വിവരം.

പിണറായി വിജയനും യോഗത്തിൽ വിമർശനങ്ങൾ നേരിട്ടു. സർക്കാരിനെതിരായ ആരോപണങ്ങളിൽ വ്യക്തിപരമായ ചില മറുപടികൾ നൽകിയതൊഴിച്ചാൽ മുഖ്യമന്ത്രി വിശദമായ പ്രതികരണം നടത്തിയില്ലെന്നാണ് റിപ്പോർട്ട്. പതിവ് കാർക്കശ്യം ഒഴിവാക്കി രാത്രി 11 വരെ നീണ്ട യോഗത്തിൽ അദ്ദേഹം രാത്രി ഒമ്പത് മണിവരെ പങ്കെടുത്തു.

മുഖ്യമന്ത്രിക്കെതിരെ സ്വജനപക്ഷപാത ആരോപണവും ചില അംഗങ്ങൾ ഉന്നയിച്ചു. അഴിമതി നടന്നിട്ടില്ലെങ്കിലും അടുപ്പക്കാരെ സംരക്ഷിക്കുന്ന നിലപാട് ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. അടുപ്പക്കാർ തെറ്റ് ചെയ്താലും ന്യായീകരിക്കുന്ന രീതിയാണ് പാർട്ടിക്ക് ദോഷകരമായതെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

മണ്ഡലം മാറ്റി മത്സരിപ്പിച്ചതിൽ കെ കെ ശൈലജ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. കീഴ്ഘടകങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഉപരികമ്മിറ്റികളിൽ നിന്നുള്ളവർ സമയപരിധിയുടെ പേരിൽ ഇടപെടരുതെന്നും പ്രവർത്തകർക്ക് പറയാനുള്ളതെല്ലാം കേൾക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി എം എ ബേബി ഈ ആവശ്യങ്ങൾ അംഗീകരിച്ചതായാണ് വിവരം. വിശദമായ ചർച്ചകൾക്കായി ജില്ലാ കമ്മിറ്റികൾ രണ്ട് ദിവസം ചേരണമെന്നും സംസാരിക്കാൻ സമയം നിശ്ചയിച്ച് നിയന്ത്രിക്കുന്ന രീതി മാറ്റണമെന്നും യോഗത്തിൽ നിർദേശമുയർന്നു. പാർട്ടി അംഗങ്ങൾക്ക് ആർക്കെതിരെയും വിമർശനം ഉന്നയിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യമുയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *