ശക്തിപ്രകടനത്തിന് ഇല്ല; പാർട്ടി തീരുമാനത്തിനായി കാത്ത് ചെന്നിത്തല പക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള കോൺഗ്രസ് ചർച്ചകൾ നിർണായക ഘട്ടത്തിലെത്തുന്നതിനിടെ പാർട്ടി അച്ചടക്കം പാലിച്ചുവെന്ന വാദം ശക്തമാക്കി രമേശ് ചെന്നിത്തല പക്ഷം. പാർട്ടി ലൈനിലാണ് നിലകൊള്ളുന്നതെന്നും ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല അനുകൂലികൾ വ്യക്തമാക്കി.

ആളെക്കൂട്ടി പ്രകടനങ്ങളും ശക്തിപ്രകടനങ്ങളും നടത്താൻ കഴിയുമായിരുന്നുവെങ്കിലും അതിന് മുതിർന്നില്ലെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ വിശദീകരണം. പാർട്ടിക്ക് തിരിച്ചടിയാകുന്ന തരത്തിലുള്ള നീക്കങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും അച്ചടക്കപരമായ സമീപനം നേതൃത്വം പരിഗണിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

അതേസമയം, ദില്ലിയിലെ കേരള ഹൗസിലെത്തിയ രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളിൽ നിർണായക ഘട്ടം ആരംഭിച്ചിരിക്കെ, ചെന്നിത്തലയുടെ മൗനം രാഷ്ട്രീയ വൃത്തങ്ങളിൽ ശ്രദ്ധേയമായി.

ഇതിനിടെ, മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകളിൽ രാഹുൽ ഗാന്ധി നേരിട്ട് പങ്കെടുക്കില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും ചേർന്നാകും ആദ്യഘട്ടത്തിൽ കേരളത്തിലെ നേതാക്കളുമായി ചർച്ച നടത്തുക. ഹൈക്കമാൻഡിന്റെ നിലപാടും അവർ നേതാക്കളെ അറിയിക്കും.

അവസാനഘട്ട ചർച്ചകളിലാകും രാഹുൽ ഗാന്ധി നേരിട്ട് ഇടപെടുകയെന്നാണ് റിപ്പോർട്ട്. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പരിഹരിച്ച് സമവായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ദില്ലിയിൽ പുരോഗമിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *