വീണ്ടും വീണ്ടും ട്വിസ്റ്റ്; ടിവികെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ, വിജയ് സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയെ തോൽപ്പിക്കുന്ന തരത്തിലുള്ള ട്വിസ്റ്റുകൾ തുടരുന്നു. 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച തമിഴക വെട്രി കഴകത്തിന് (ടിവികെ) തിരിച്ചടിയായി ലോക്ഭവന്റെ നിലപാട്.
വിജയ് മുഖ്യമന്ത്രിയാകുന്നതിനുള്ള ഭൂരിപക്ഷം ഉറപ്പായിട്ടില്ലെന്ന് ലോക്ഭവൻ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ 116 എംഎൽഎമാരുടെ പിന്തുണക്കത്തുകൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, 118 എന്ന കേവല ഭൂരിപക്ഷം ഉറപ്പാക്കാതെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകാനാകില്ലെന്നും ഗവർണർ വ്യക്തമാക്കിയതായി വിവരം.
ടിവികെ നൽകിയ പിന്തുണയിൽ വി സി കെയും മുസ്ലിം ലീഗും ഉൾപ്പെടുന്നുവെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും, ഈ പാർട്ടികളുടെ ഔദ്യോഗിക പിന്തുണക്കത്തുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു. വി സി കെയുടെ നിലപാടിൽ വ്യക്തതയില്ലെന്നും, ലീഗ് പിന്തുണ കത്ത് നൽകില്ലെന്ന നിലപാടിലാണെന്നും സൂചനകളുണ്ട്.
ഭൂരിപക്ഷം സംബന്ധിച്ച സംശയങ്ങൾ തുടരുന്നതിനാൽ വിജയിനെ സർക്കാർ രൂപീകരണത്തിനായി ക്ഷണിക്കാവുന്ന സാഹചര്യം നിലവിൽ ഇല്ലെന്നും ലോക്ഭവൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അനിശ്ചിതത്വം ശക്തമായിരിക്കുകയാണ്.



