ടിക്കറ്റ് സംവിധാനത്തിൽ മാറ്റം കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്രയ്ക്ക് വഴിയൊരുങ്ങുന്നു

തിരുവനന്തപുരം: യാത്രക്കാരുടെ വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി കെഎസ്ആർടിസി ‘ജെൻഡർ ടിക്കറ്റിംഗ്’ സംവിധാനം അവതരിപ്പിക്കുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ETM) വഴി ടിക്കറ്റ് വിതരണം ചെയ്യുമ്പോൾ യാത്രക്കാരുടെ ലിംഗഭേദം പുരുഷൻ, സ്ത്രീ എന്നിങ്ങനെ രേഖപ്പെടുത്താനുള്ള സൗകര്യമാണ് നാളെ മുതൽ പ്രാബല്യത്തിൽ വരുന്നത്.
പുതിയ സംവിധാനത്തിലൂടെ കെഎസ്ആർടിസി ബസുകളിൽ ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും കൃത്യമായ കണക്കെടുപ്പ് സാധ്യമാകുമെന്നാണ് വിലയിരുത്തൽ. യാത്രക്കാരുടെ ഡാറ്റ ശേഖരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ഇതിന് മുന്നോടിയായി കണ്ടക്ടർമാർക്ക് ഐ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ സംവിധാനത്തിന്റെ പ്രവർത്തനം മേൽനോട്ടം വഹിക്കുമെന്നും കെഎസ്ആർടിസി എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു.
അതേസമയം, യാത്രാ സൗകര്യങ്ങളും പദ്ധതികളും സംബന്ധിച്ച് രാഷ്ട്രീയ പ്രഖ്യാപനങ്ങൾ ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം ശ്രദ്ധേയമാകുന്നത്. കെഎസ്ആർടിസിയുടെ ഡിജിറ്റൽ പരിഷ്കരണ നടപടികളുടെ ഭാഗമായാണ് ഈ സംവിധാനം നടപ്പാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.



