മുഖ്യമന്ത്രി നിർണ്ണയം കടുത്ത ചർച്ചകളിലേക്ക്; പ്രധാന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചു

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചതോടെ രാഷ്ട്രീയ ചൂട് ഉയർന്നു.

വിപുലമായ ചർച്ചകൾക്കായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും. നിലവിൽ കെസി വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. നേതാക്കളെല്ലാം എത്തിച്ചേരുന്നതോടെ നാളെ നിർണായക ചർച്ച നടക്കുമെന്നാണ് വിവരം.

ഇതിനിടെ, എഐസിസി നിയോഗിച്ച നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ടിലെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെസി വേണുഗോപാലിനാണ് ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതായി സൂചനയുണ്ട്. അതേസമയം, ജനവികാരം കൂടി പരിഗണിക്കണമെന്ന മുതിർന്ന നേതാക്കളുടെ നിലപാടും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം സങ്കീർണ്ണമാണെന്നും ഘടകകക്ഷികളുടെ നിലപാട് നിർണായകമാണെന്നും നിരീക്ഷകർ ഹൈക്കമാൻഡിനെ ധരിപ്പിച്ചതായാണ് വിവരം. വിഷയത്തിൽ അവരുമായി ചർച്ച നടത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

അജയ് മാക്കനും മുകുൾ വാസ്നിക്കും ഖർഗെയെ നേരിട്ട് കണ്ടാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ടിന്മേൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നും മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം വൈകില്ലെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം സൂചന നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *