വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ട് ലീഗ്; കോൺഗ്രസുമായി നിർണായക ചർച്ചകൾക്ക് തയ്യാറെടുപ്പ്

മലപ്പുറം: സംസ്ഥാനത്തെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോൺഗ്രസ് ചർച്ചകളിൽ വി ഡി സതീശന് പിന്തുണ തുടരാനുറച്ച് മുസ്ലീം ലീഗ്. ഇക്കാര്യം കോൺഗ്രസ് ഹൈക്കമാൻഡിനെ അറിയിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ജനവികാരം വി ഡി സതീശന് അനുകൂലമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനത്തിനാണ് കേരളം വോട്ട് ചെയ്തതെന്നും എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ലീഗ് നേതൃത്വം വ്യക്തമാക്കി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചായിരിക്കണം മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ലീഗ് ആവശ്യപ്പെട്ടു. എംഎൽഎമാരുടെ അഭിപ്രായത്തിനൊപ്പം പൊതുജന മനോഭാവവും നിർണായകമാണെന്നാണ് ലീഗിന്റെ നിലപാട്. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി എം എ സലാം, ഹാരിസ് ബീരാൻ എന്നിവരാണ് എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. പാർട്ടിയുടെ അഭിപ്രായം ഹൈക്കമാൻഡിനെ അറിയിച്ചെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ മുസ്ലീം ലീഗ് ഇടപെടരുതെന്ന മാത്യു കുഴൽനാടന്റെ പ്രസ്താവന ലീഗിൽ കടുത്ത പ്രതിഷേധത്തിനിടയാക്കി. ലീഗ് നേതാക്കൾ പരസ്യമായി പ്രതികരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മാത്യുവിന്റെ പരാമർശം അനവസരത്തിലുള്ള വിമർശനമാണെന്നാണ് ലീഗ് നിലപാട്. പിന്നാലെ മാത്യുവിനെ വിമർശിച്ച് ഇരിക്കൂരിൽ യൂത്ത് ലീഗ് ഫ്ലക്സ് ബോർഡും സ്ഥാപിച്ചു.
ഇതിനിടെ, മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ടും ലീഗിൽ ചർച്ചകൾ സജീവമാണ്. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ എന്നിവർ മന്ത്രിമാരാകുമെന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. അഞ്ചാം മന്ത്രിയെ സംബന്ധിച്ച തീരുമാനം കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമാകും. വിദ്യാഭ്യാസ വകുപ്പ് ലഭിക്കാത്ത പക്ഷം ആരോഗ്യമോ റവന്യൂവോ വേണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കാനാണ് ലീഗിന്റെ നീക്കം.
അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ തന്നെ ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. സ്റ്റാഫ്, ബോർഡ്, കോർപറേഷൻ നിയമനങ്ങൾ നിയന്ത്രിക്കാൻ പി എം എ സലാമിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിക്കാനും ധാരണയായി. പാർട്ടി നേതൃത്വത്തെ അറിയിക്കാതെയുള്ള നിയമനങ്ങൾ അനുവദിക്കില്ലെന്നതാണ് പുതിയ നിബന്ധന.



