“തലമറന്ന് എണ്ണതേക്കരുത്”; വി ഡി സതീശനെ വിമർശിച്ച് ജി ശശിധരൻ, കോൺഗ്രസിലെ നേതൃത്വ തർക്കത്തിൽ കടുത്ത പ്രതികരണം

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാന ചർച്ചയും നേതൃത്വ തർക്കവും ശക്തമാകുന്നതിനിടെ മുതിർന്ന മാധ്യമപ്രവർത്തകൻ ജി ശശിധരൻ വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. “തലമറന്ന് എണ്ണതേക്കരുത്” എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിലാണ് പ്രതിപക്ഷ നേതാവിന്റെ നിലപാടുകളെ അദ്ദേഹം ചോദ്യം ചെയ്തത്.
മുഖ്യമന്ത്രിയായി ആദ്യം ചുമതലയേറ്റപ്പോൾ നരേന്ദ്ര മോദിക്ക് എന്ത് ഭരണപരിചയമായിരുന്നു ഉണ്ടായിരുന്നതെന്നും, അതുകൊണ്ട് തന്നെ ഭരണപരിചയമില്ലെന്ന പേരിൽ വിമർശിക്കുന്നത് യുക്തിയില്ലെന്നും വി ഡി സതീശൻ പറയുന്നത് ശരിയാണോയെന്ന് ശശിധരൻ ചോദിക്കുന്നു. മോദിയാണോ വി ഡി സതീശന്റെ റോൾ മോഡൽ എന്നും അദ്ദേഹം പരിഹാസത്തോടെ ചോദിച്ചു.
ഭാവി മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള അവകാശം പാർട്ടി ഹൈക്കമാണ്ടിന് പൂർണമായി വിട്ടുകൊടുത്ത ശേഷം, അതിനെതിരെ തെരുവിൽ പ്രകടനം സംഘടിപ്പിക്കുന്നത് ഏത് സംഘടനാ തത്ത്വപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു. എംഎൽഎമാരെക്കാൾ മുകളിലാണോ തെരുവിൽ കോൺഗ്രസിനെതിരെ പ്രകടനം നടത്തിയവരെന്ന് ചൂണ്ടിക്കാട്ടിയ ശശിധരൻ, ചില മാധ്യമ ചാനലുകൾ ദുഷ്ടലാക്കോടെ ഈ വിഷയത്തെ കൂടുതൽ വഷളാക്കുകയാണെന്നും വിമർശിച്ചു.
സ്വന്തം ആഗ്രഹം നിറവേറ്റപ്പെടാത്തതിൽ വി ഡി സതീശന് പ്രതിഷേധിക്കാൻ എല്ലാ അവകാശവുമുണ്ടെങ്കിലും, ഇത്രയേറെ എംഎൽഎമാരുടെ ജനപിന്തുണയെ മാനിക്കാതെയുള്ള ഈ സമീപനം പ്രോത്സാഹനം അർഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിന്റെ പേരിൽ സൈബർ ആക്രമണം ഉണ്ടാകാമെന്നറിയാമെങ്കിലും, പിണറായി വിജയന് സന്തോഷം ലഭിക്കുന്ന കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിമർശനത്തിൽ ഭയപ്പെടുന്ന ആളല്ല താനെന്നും ശശിധരൻ വ്യക്തമാക്കി.
അതേസമയം, വി ഡി സതീശന്റെ ചുണ്ടിനും കപ്പിനും ഇടയിൽ ഒരു വിടവ് പാടില്ലെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും, എന്നാൽ നിലവിലെ രാഷ്ട്രീയ സമീപനം ശരിയായ ദിശയിലല്ലെന്നും അദ്ദേഹം കുറിച്ചു.



