എംഎൽഎമാരുടെ അഭിപ്രായത്തിനാണ് മുൻഗണന; നിലപാട് വ്യക്തമാക്കി നിരീക്ഷകർ മടങ്ങി, മുഖ്യമന്ത്രിയാരെന്ന ‘കസേരകളി’ ഇനി ദില്ലിയിൽ

തിരുവനന്തപുരം: യു.ഡി.എഫ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ ദില്ലിയിലേക്ക് മാറി. എ.ഐ.സി.സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും നടത്തിയ കൂടിക്കാഴ്ചകൾ പൂർത്തിയാക്കി മടങ്ങിയതോടെയാണ് അന്തിമ തീരുമാനം ഹൈക്കമാൻഡിന് മുന്നിൽ എത്തുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തെത്താൻ എം.എൽ.എമാരുടെ പിന്തുണയാണ് നിർണ്ണായകമെന്ന് നിരീക്ഷകർ വ്യക്തമാക്കിയെങ്കിലും, ഘടകകക്ഷികൾ വി.ഡി. സതീശനെ പിന്തുണച്ചത് ഹൈക്കമാൻഡിന് മുന്നിൽ വലിയ വെല്ലുവിളിയായിരിക്കുകയാണ്. “ഒറ്റ പേരിലേക്കല്ല, ഒറ്റ തീരുമാനത്തിലേക്കാണ് എത്തേണ്ടത്” എന്ന നിലപാടാണ് അജയ് മാക്കൻ വ്യക്തമാക്കിയത്.

ലഭ്യമായ സൂചനകൾ പ്രകാരം എം.എൽ.എമാരുടെ പിന്തുണയിൽ കെ.സി. വേണുഗോപാൽ പക്ഷം മുന്നിലാണെന്നും, ഘടകകക്ഷികൾ വി.ഡി. സതീശനെ ശക്തമായി പിന്തുണയ്ക്കുന്നതായും വ്യക്തമാകുന്നു. ഇതോടെ പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമായി.

മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ വി.ഡി. സതീശനാണ് അനുയോജ്യനായ നേതാവെന്ന് നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതേസമയം കേരള കോൺഗ്രസ് ജോസഫ് വിഭാഗം സിറ്റിംഗ് എം.എൽ.എ മുഖ്യമന്ത്രിയാകണമെന്ന നിലപാടിലൂടെ പരോക്ഷമായി കെ.സി. വേണുഗോപാലിനെ എതിർത്തതായും റിപ്പോർട്ടുകളുണ്ട്.

എം.എൽ.എമാരുടെ എണ്ണം മാത്രമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം, പൊതുജനാഭിപ്രായം എന്നിവയും പരിഗണിക്കണമെന്നാണ് വി.ഡി. സതീശൻ പക്ഷത്തിന്റെ വാദം. 45 എം.എൽ.എമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുമ്പോൾ, സതീശൻ പക്ഷം 35 പേരുടെയും ചെന്നിത്തല പക്ഷം 23 പേരുടെയും പിന്തുണ അവകാശപ്പെടുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന പൂർണ്ണ അധികാരം എ.ഐ.സി.സി അധ്യക്ഷന് വിട്ടുകൊണ്ടുള്ള പ്രമേയം നിയമസഭാ കക്ഷി യോഗം ഐകകണ്ഠ്യേന പാസാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം ദില്ലിയിൽ ഹൈക്കമാൻഡ് കൈക്കൊള്ളും.

ശനിയാഴ്ച വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവർ ദില്ലിക്ക് വിളിപ്പിക്കപ്പെടുമെന്നാണ് സൂചന. കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും ദില്ലിയിലുണ്ടാകും. ഹൈക്കമാൻഡിന്റെ തീരുമാനം പാർട്ടിയുടെ ഭാവി ദിശ നിർണ്ണയിക്കുന്നതാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *