കേരളത്തിൽ മാത്രം അമിത ചർച്ച എന്തിനെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച ചരിത്രവിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പാർട്ടിക്കുള്ളിൽ ചൂടുപിടിക്കുന്നു. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം എന്താകുമെന്നതിൽ നേതാക്കളും പ്രവർത്തകരും കാത്തിരിപ്പിലാണ്.
തന്റെ ഡൽഹി സന്ദർശനം കേരളത്തിലെ വിഷയങ്ങൾക്കായിരുന്നില്ലെന്നും മഹാരാഷ്ട്രയിലെ പാർട്ടി പുനഃസംഘടനാ ചർച്ചകൾക്കായിരുന്നുവെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടും കേരളത്തിലെ കാര്യത്തിൽ മാത്രം ഇത്രയും ചർച്ചകൾ നടക്കുന്നതിന്റെ ആവശ്യം എന്താണെന്നും അദ്ദേഹം ചോദിച്ചു. നിരീക്ഷകർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് ചെന്നിത്തലയുടെ പ്രതികരണം.
അതേസമയം, എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്തെത്തി എംഎൽഎമാരുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ച് അവർ ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കും.
മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നതിൽ എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകണമെന്ന ആവശ്യം വി.ഡി. സതീശൻ ഉന്നയിച്ചിട്ടുണ്ട്. നിരീക്ഷകർ മാത്രമായിരിക്കണം ഈ ചർച്ചകളിൽ പങ്കെടുക്കേണ്ടതെന്നും, കേരളത്തിന്റെ ചുമതലയുള്ള ദീപാ ദാസ് മുൻഷിയുടെ സാന്നിധ്യം ഒഴിവാക്കണമെന്നും സതീശൻ പക്ഷം ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
കേരളത്തിലെ മികച്ച വിജയത്തിൽ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും എല്ലാ പ്രവർത്തകരെയും അഭിനന്ദിച്ചതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.



