എക്സിറ്റ് പോൾ ശരിവെച്ച് ഫലസൂചനകൾ; പറഞ്ഞതുപോലെ 100 സീറ്റിനടുത്തേക്ക് യുഡിഎഫ്

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുന്നത്. നൂറിനടുത്ത് സീറ്റുകളിൽ യുഡിഎഫ് ലീഡ് ഉയർത്തിയതോടെ സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ശക്തമായ സൂചനകളാണ് ലഭിക്കുന്നത്.

മാട്രിസ് നടത്തിയ സർവേയിൽ യുഡിഎഫിന് 70 മുതൽ 75 സീറ്റുകൾ വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം. പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെ, ജെവിസി 72 മുതൽ 84 സീറ്റുകൾ വരെ യുഡിഎഫിന് നേടാമെന്നാണ് വിലയിരുത്തിയിരുന്നത്. ഇതോടൊപ്പം, നൂറിൽ കൂടുതൽ സീറ്റുകൾ ഉറപ്പാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാദവും ഇപ്പോഴത്തെ ഫലസൂചനകൾ ശരിവയ്ക്കുന്ന സാഹചര്യമാണ്.

എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലുപോലും യുഡിഎഫിന് മുന്നേറ്റം ലഭിക്കുന്നതോടെ ശക്തമായ ഭരണവിരുദ്ധ വികാരം ഫലങ്ങളിൽ പ്രതിഫലിക്കുന്നതായി നിരീക്ഷകർ വിലയിരുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പല മന്ത്രിമാരും ലീഡ് നിലയിൽ പിന്നിലാണ്.

അതേസമയം, എൽഡിഎഫിന് അനുകൂലമായ എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇതായിരുന്നു: മാട്രിസ് സർവേയിൽ 60 മുതൽ 65 സീറ്റുകൾ, പീപ്പിൾസ് പൾസിൽ 55 മുതൽ 65 വരെ, വോട്ട് വൈബിൽ 58 മുതൽ 68 വരെ, ആക്സിസ് മൈ ഇന്ത്യയിൽ 49 മുതൽ 62 വരെ, ജെവിസി സർവേയിൽ 52 മുതൽ 61 സീറ്റുകൾ വരെ. എന്നാൽ നിലവിലെ ഫലസൂചനകൾ ഈ പ്രവചനങ്ങളിൽ നിന്ന് വ്യത്യസ്തമായ ദിശയിലേക്കാണ് നീങ്ങുന്നത്.

ബിജെപി മുന്നേറ്റമുണ്ടാകുമെന്നായിരുന്നു വിവിധ സർവേകളുടെ പ്രവചനം. മാട്രിസ് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ, പീപ്പിൾസ് പൾസ് പൂജ്യം മുതൽ മൂന്ന് വരെ, വോട്ട് വൈബ് പൂജ്യം മുതൽ നാല് വരെ, ആക്സിസ് മൈ ഇന്ത്യ പൂജ്യം മുതൽ മൂന്ന് വരെ, ജെവിസി മൂന്ന് മുതൽ ഏഴ് വരെ സീറ്റുകൾ നേടാമെന്നാണ് വിലയിരുത്തിയത്. നിലവിൽ മൂന്ന് സീറ്റുകളിലാണ് എൻഡിഎ ലീഡ് നിലനിർത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *