‘സജ്ജരായിരിക്കൂ, ജയിച്ചാൽ നേരെ റിസോർട്ടിലേക്ക്’; സ്ഥാനാർത്ഥികൾക്ക് നിർദ്ദേശവുമായി വിജയ്, തമിഴ്നാട്ടിൽ ആകാംഷ

ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ റിസോർട്ട് രാഷ്ട്രീയ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. സൂപ്പർതാരം വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) വിജയിക്കുന്ന സ്ഥാനാർത്ഥികളെ റിസോർട്ടിലേക്ക് മാറ്റാൻ പദ്ധതി ഒരുക്കുന്നതായി സൂചന.
മഹാബലിപുരത്തെ പൂഞ്ചേരിയിലെ ഒരു റിസോർട്ടിൽ ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയതായാണ് റിപ്പോർട്ട്. 100-ൽ അധികം പേർക്ക് താമസിക്കാനാകുന്ന ഈ റിസോർട്ടിൽ നേരത്തെയും ടിവികെ സംസ്ഥാനതല യോഗങ്ങൾ നടന്നിട്ടുണ്ടെന്ന് പറയുന്നു. കഴിഞ്ഞ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിജയിക്കുന്ന സ്ഥാനാർത്ഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് വിജയ് നിർദേശിച്ചിരുന്നു. പിന്നാലെയാണ് റിസോർട്ട് കേന്ദ്രീകരിച്ച നീക്കം സജീവമായത്.
എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഡിഎംകെ സഖ്യത്തിനും ടിവികെയ്ക്കും മികച്ച പ്രകടനം ഉണ്ടാകുമെന്ന് സൂചന നൽകിയിരുന്നു. ഇതോടെയാണ് വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമായി ഒരിടത്ത് നിലനിർത്താനുള്ള നീക്കം ആരംഭിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ടിവികെ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ചില സർവേകൾ വ്യക്തമാക്കുന്നത്. വൈക്കോ ഉൾപ്പെടെ ചില രാഷ്ട്രീയ നേതാക്കൾ വിജയ് നയിക്കുന്ന പാർട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. യുവജന പിന്തുണയും ഉയർന്ന പോളിംഗ് ശതമാനവും ടിവികെക്ക് അനുകൂലമാകുമെന്ന് വിലയിരുത്തലുണ്ട്.
എന്നാൽ ഭൂരിഭാഗം സർവേകളും ഡിഎംകെ വീണ്ടും അധികാരത്തിലെത്താൻ സാധ്യതയുണ്ടെന്നും ടിവികെ നിർണായക സീറ്റുകൾ നേടുമെന്നുമാണ് സൂചിപ്പിക്കുന്നത്. ഫലപ്രഖ്യാപനത്തോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.



