കേരള തിരഞ്ഞെടുപ്പ് ഫലം: നിർണ്ണായക രാഷ്ട്രീയ പ്രവചനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് നിർണ്ണായക രാഷ്ട്രീയ പ്രവചനങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച നേടുമെങ്കിലും അത് നേരിയ ഭൂരിപക്ഷത്തിലായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. അതോടൊപ്പം തന്നെ ഇത്തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുഡിഎഫിന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളെ രൂക്ഷഭാഷയിൽ വിമർശിച്ച വെള്ളാപ്പള്ളി, യുഡിഎഫ് അധികാരത്തിലെത്തിയാൽ മുന്നണിക്കുള്ളിൽ വലിയതോതിലുള്ള തമ്മിലടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നും, എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാൽ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായി തുടരണം എന്നതാണ് തന്റെ ആഗ്രഹമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പിണറായി വിജയനെ അടുത്ത് നിന്ന് മനസ്സിലാക്കിയ ആരും അദ്ദേഹത്തെ തള്ളി പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



