ഇറാൻ–യുഎസ് സംഘർഷം വീണ്ടും ശക്തമാകുമോ? യുദ്ധസൂചന നൽകി ഇറാൻ, നേരിടാൻ സജ്ജമെന്ന് മുന്നറിയിപ്പ്

ടെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷം വീണ്ടും ശക്തമാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. വെടിനിർത്തൽ പേരിന് മാത്രമാണെന്നും, യു.എസ്, ഇസ്രയേൽ എന്നിവരുമായി യുദ്ധം പുനരാരംഭിക്കേണ്ട സാഹചര്യം ഉണ്ടാകാമെന്നും ഇറാൻ സായുധ സേന വ്യക്തമാക്കി.

യു.എസ് കരാറുകൾ പാലിക്കുന്നില്ലെന്നാരോപിച്ച ഇറാൻ, നയതന്ത്ര ചർച്ചകൾ സ്തംഭിച്ചിരിക്കുകയാണെന്നും ആരോപിച്ചു. വ്യക്തമായ സമാധാന കരാറിലേക്ക് നീങ്ങുന്നതിന് പകരം ഇരുപക്ഷവും രാഷ്ട്രീയ വാക്പോരിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

അമേരിക്കയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ഇറാൻ സൈനിക ആസ്ഥാനത്തിന്റെ ഡെപ്യൂട്ടി മുഹമ്മദ് ജാഫർ, യു.എസ് പ്രസ്താവനകൾ മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്ന് ആരോപിച്ചു. എണ്ണവില കുറയുന്നത് തടയാൻ നടത്തുന്ന “മാധ്യമ നാടകങ്ങൾ” മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സേന പൂർണ സജ്ജമാണെന്നും വ്യക്തമാക്കി.

അതേസമയം, ഇറാനെ ആക്രമിക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കുന്നതിനൊപ്പം നാവിക ഉപരോധം ഉൾപ്പെടെയുള്ള സമ്മർദ്ദ നടപടികൾ തുടരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. സമാധാന കരാറിനായി ഇറാൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ തൃപ്തനല്ലെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അംഗീകരിക്കാൻ കഴിയാത്ത നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവച്ചതെന്നും ചർച്ചകളുടെ ഭാവി അനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ “കരാർ അല്ലെങ്കിൽ കഠിന നടപടി” എന്നതാണ് മുന്നിലുള്ള വഴികളെന്ന് ട്രംപ് സൂചിപ്പിച്ചു. എന്നാൽ മാനുഷിക പരിഗണന മുൻനിർത്തി കടുത്ത നടപടി ഒഴിവാക്കാൻ താൽപര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘർഷ സാധ്യതകൾ ഉയരുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിലെ സാഹചര്യം വീണ്ടും ആശങ്കജനകമായി മാറുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *