തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം: 13കാരനെ കുത്തിക്കൊന്നു

ആഗ്ര: സ്വന്തം കുടുംബത്തിന്റെ കൃഷിയിടത്തിൽ നിന്ന് തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണ കൊലപാതകത്തിൽ കലാശിച്ചു. ആഗ്രയിലെ ബസായ് ജഗ്നർ പ്രദേശത്തെ ഖേഡ ഗ്രാമത്തിൽ 13കാരനാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കൃഷിയിടം പാട്ടത്തിന് എടുത്തിരുന്ന റിയാസുദ്ദീൻ, ഷിറാസുദ്ദീൻ എന്നീ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവും പ്രതികളും ഒരേ കൃഷിയിടത്തിൽ പങ്കാളികളായിരുന്നുവെന്നാണ് വിവരം.
ഇന്നലെ പാടത്തുനിന്ന് തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. തുടർന്ന് പ്രകോപിതരായ പ്രതികൾ കത്തിയുപയോഗിച്ച് കുട്ടിയെ ആക്രമിച്ചതായി പൊലീസ് പറയുന്നു.
കൃഷിയിടത്തിലേക്ക് പോയ കുട്ടിയെ കാണാതായതോടെ തിരച്ചിൽ നടത്തിയ സഹോദരിയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.



