മുംബൈ കുടുംബത്തിന്റെ മരണം ദുരൂഹതയിലേക്ക്; വില്ലൻ തണ്ണിമത്തനല്ല, ശരീരത്തിൽ മോർഫിൻ സാന്നിധ്യം കണ്ടെത്തി

മുംബൈ: തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് നാലംഗ കുടുംബം മരിച്ച സംഭവത്തിൽ ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന സൂചനയോടെ പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് പുറത്ത്. തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയാണ് മരണത്തിന് കാരണമെന്നാണ് ആദ്യം സംശയിച്ചിരുന്നത്.
എന്നാൽ, മരിച്ചവരുടെ ആന്തരികാവയവങ്ങൾ പച്ചനിറത്തിലായ നിലയിൽ കണ്ടെത്തിയതോടെ കടുത്ത വിഷബാധയാണ് മരണകാരണമാകാമെന്നാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. സാധാരണ ഭക്ഷ്യവിഷബാധയുണ്ടായാൽ ഇത്തരം നിറമാറ്റം ഉണ്ടാകാറില്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
മുംബൈ സ്വദേശികളായ അബ്ദുള്ള ദോക്കാഡിയ, ഭാര്യ നസ്റീൻ, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. ഫോറൻസിക് പരിശോധനയിൽ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ അവയവങ്ങൾ പച്ചനിറത്തിലായതായി കണ്ടെത്തി. കൂടാതെ അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിന്റെ സാന്നിധ്യവും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ദുരൂഹത ശക്തമായിരിക്കുകയാണ്. അബദ്ധവശാൽ സംഭവിച്ചതാണോ, അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണങ്ങളാണോ മരണത്തിന് പിന്നിലെന്നത് സംബന്ധിച്ച് സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദക്ഷിണ മുംബൈയിലെ വീട്ടിൽ നടന്ന വിരുന്നിൽ പങ്കെടുത്ത കുടുംബം അതിഥികൾ മടങ്ങിയ ശേഷം രാത്രിയോടെ തണ്ണിമത്തൻ കഴിച്ചിരുന്നു. തുടർന്ന് രാവിലെ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതോടെ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രാഥമിക ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.



