മുഖ്യമന്ത്രി പദത്തിനായുള്ള പോര് കനക്കും; ഘടകകക്ഷികളെ ചേർക്കാൻ തിരക്കിട്ട് നീക്കങ്ങൾ, ലീഗ് നിലപാടിൽ അസന്തോഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള പോരും കരുനീക്കങ്ങളും ശക്തമാകുന്നു. ലീഗിന്റെ പരസ്യ പിന്തുണ ലഭിച്ചതിൽ VD Satheesan വിഭാഗം ആത്മവിശ്വാസത്തിലായിരിക്കുമ്പോൾ, ലീഗ് നിലപാട് തുറന്നുപറയരുതെന്നാണ് കെ സി വേണുഗോപാൽ പക്ഷവും Ramesh Chennithalaവിഭാഗവും നിലപാട് എടുക്കുന്നത്.
കൂടുതൽ ഘടകകക്ഷികളുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ മൂന്ന് പക്ഷങ്ങളും ശക്തമാക്കിയിട്ടുണ്ട്. കെ സി വേണുഗോപാൽ പക്ഷത്തിന്റെ അടുത്ത നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് മറ്റ് വിഭാഗങ്ങൾ. ഇതിനിടെ കെ സി വേണുഗോപാലിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണം ഹൈക്കമാൻഡ് നിർദേശപ്രകാരമെന്ന് സൂചനയോടെ നിർത്തിവെച്ചതും രാഷ്ട്രീയമായി ശ്രദ്ധേയമായി.
മുസ്ലിം ലീഗ് സതീശന് അനുകൂലമായി പരസ്യ നിലപാട് സ്വീകരിച്ചതോടെ ചെന്നിത്തല, കെ സി പക്ഷങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതിൽ ഇരുപക്ഷങ്ങളിലും അസന്തോഷം ശക്തമാണെന്ന സൂചനകളും പുറത്തുവരുന്നു. വോട്ടെണ്ണൽ തീയതി അടുത്തതോടെ കോൺഗ്രസിനുള്ളിൽ നിർണായക നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
ഇതിനിടെ പുറത്തുവന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫ് അധികാരത്തിലെത്താമെന്ന സൂചന നൽകുന്നു. വിവിധ സർവേകൾ യുഡിഎഫിന് ഭൂരിപക്ഷ സാധ്യത കൽപ്പിക്കുമ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ലഭിച്ച പിന്തുണ ജനവികാരത്തിന്റെ പ്രതിഫലനമാണെന്ന് മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ മനോഭാവം പരിഗണിച്ചായിരിക്കും യുഡിഎഫ് നേതൃത്വം തീരുമാനം എടുക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റെതായിരിക്കുമെന്നും, അവർ ജനവികാരം മാനിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗിന് അർഹമായ പരിഗണന ലഭിക്കുമെന്നും പാർട്ടിയുടെ അജണ്ട ലീഗ് തന്നെയാണ് നിശ്ചയിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.



