ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലെ അപകടം: മണിയൻപിള്ള രാജുവിന് ആശ്വാസം

തിരുവനന്തപുരം: മണിയൻപിള്ള രാജു ഓടിച്ച കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ താരം മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തൽ. ശാസ്‌ത്രീയ പരിശോധനാഫലം പുറത്തുവന്നതോടെയാണ് അപകടസമയത്ത് താരം മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായത്. അപകടം നടന്ന് രണ്ടരമാസത്തിന് ശേഷമാണ് ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവരുന്നത്.
ഫെബ്രുവരി അഞ്ചിന് രാത്രിയിലാണ് മണിയൻപിള്ള രാജുവിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റത്. ട്രിവാൻഡ്രം ക്ലബിൽ നിന്ന് റോഡിലേക്കിറങ്ങിയ കാർ ബൈക്കിലെത്തിയ യുവാക്കളെ ഇടിക്കുകയായിരുന്നു. അപകടം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് താരത്തിന്റെ രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നു. പിറ്റേദിവസമാണ് താരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായത്. പിന്നെയും 12 മണിക്കൂറിന് ശേഷമാണ് രക്തസാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചത്.



