നിയമസഭയിൽ ഏഴ് സീറ്റുകൾ വരെ; അട്ടിമറി വിജയ പ്രതീക്ഷയിൽ ബിജെപി കോർ കമ്മിറ്റി വിലയിരുത്തൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം സംബന്ധിച്ച് നിർണ്ണായകമായ പ്രാഥമിക വിലയിരുത്തലുമായി ബിജെപി സംസ്ഥാന കോർ കമ്മിറ്റി. നിയമസഭയിൽ ഇത്തവണ അഞ്ച് മുതൽ ഏഴ് സീറ്റുകൾ വരെ നേടാനാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, പാലക്കാട്, കാട്ടാക്കട എന്നീ അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി വിജയം ഉറപ്പിക്കുന്നു. ഇതിന് പുറമെ തൃശ്ശൂർ, തിരുവല്ല, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടാൻ സാധ്യതയുണ്ടെന്നും കോർ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് ഫലത്തിന്റെ കൃത്യമായ ചിത്രം ലഭിക്കാൻ ബൂത്ത് തലത്തിലുള്ള കണക്കുകൾ നേരിട്ട് ശേഖരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന ഭാരവാഹികൾ ഉൾപ്പെട്ട പ്രത്യേക സമിതി ജില്ലകളിലെത്തി വിവരങ്ങൾ ശേഖരിക്കും.
ക്രൈസ്തവ സഭകളെ വിമർശിച്ചതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിനെതിരെ യോഗത്തിൽ വിമർശനമുയർന്നു. എന്നാൽ താൻ സഭയെ അല്ല, കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ച ദീപിക പത്രത്തെയാണ് വിമർശിച്ചതെന്ന് ഷോൺ വിശദീകരിച്ചു. സഭാ നേതൃത്വത്തിനെതിരായ പരസ്യ വിമർശനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ നടപടി വേണമെന്ന ആവശ്യവും യോഗത്തിൽ ശക്തമായി. മറ്റൊരു നേതാവായ കെ. സോമനെ കുറിച്ച് ശോഭാ സുരേന്ദ്രൻ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതാണ് വിവാദമായത്. ഈ പരാമർശങ്ങൾ തനിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കിയെന്ന് സോമൻ യോഗത്തിൽ ആരോപിച്ചു.



