ചെപ്പോക്കിൽ വെടിക്കെട്ടുമായി സഞ്ജു; മഞ്ഞക്കുപ്പായത്തിൽ താരത്തിന്റെ ആദ്യ സെഞ്ച്വറി

ചെന്നൈ: മഞ്ഞ ജഴ്സിയണിഞ്ഞ് ചെപ്പോക്കിലെ മൈതാനത്ത് മലയാളി താരം സഞ്ജു സാംസൺ ബാറ്റ് വീശുന്നത് സ്വപ്നം കണ്ട ആരാധകർക്ക് ഇന്ന് ആഘോഷരാവ്. ഐപിഎൽ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം കാണാതെ പതറിയ സഞ്ജു ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ സെഞ്ച്വറിയുമായാണ് ഫോമിലേക്ക് തിരിച്ചെത്തിയത്.

സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളി 6, 7, 9 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്‌കോറുകൾ. താരത്തിന്റെ ഫോമിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഡൽഹിക്കെതിരെ വെറും 52 പന്തിൽ 102 റൺസെടുത്ത് സഞ്ജു സെഞ്ച്വറി കുറിച്ചത്. 15 ഫോറുകളും 3 സിക്സറുകളുമടക്കം മിന്നും പ്രകടനമാണ് താരം കാഴ്‌ച്ചവച്ചത്. താരത്തിന്റെ ഐപിഎൽ കരിയറിലെ നാലാം സെഞ്ച്വറിയാണിത്.

ചെന്നൈ സൂപ്പർ കിംഗ്‌‌‌സ് താരമെന്ന നിലയിൽ ചെപ്പോക്കിലെ തന്റെ ആദ്യ സെഞ്ച്വറിയാണെന്ന പ്രത്യേകതയുമുണ്ട്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങുകയായിരുന്നു സിഎസ്‌കെ. നേരിട്ട ആദ്യ പന്ത് മുതൽ സഞ്ജു ആത്മവിശ്വാസത്തിലായിരുന്നു. സാധാരണ സിക്സറുകളിലൂടെ സ്‌കോർ ഉയർത്തുന്ന ശൈലിക്ക് പകരം മനോഹരമായ ബൗണ്ടറികളിലൂടെ സ്‌കോർ ബോർഡ് ചലിപ്പിക്കാനാണ് താരം ഇത്തവണ ശ്രദ്ധിച്ചത്.

പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 61 റൺസായിരുന്നു ചെന്നൈയുടെ സ്‌കോർ.പവർപ്ലേയ്ക്ക് പിന്നാലെയാണ് ക്യാപ്ടൻ ഋതുരാജ് ഗെയ്ക്വാദിനെ (15) ചെന്നൈയ്ക്ക് നഷ്ടമായത്. ഡൽഹി നായകൻ അക്ഷർ പട്ടേലിന്റെ പന്തിൽ നിസങ്ക ക്യാച്ചെടുത്താണ് ഗെയ്ക്വാദിനെ കൂടാരം കയറ്റിയത്. സഞ്ജു ഫോമിലായതോടെ വലിയൊരു സ്‌കോറിലേക്ക് കുതിക്കുകയാണ് സിഎസ്‌കെ. പവർപ്ലേയിലെ ആധിപത്യം മത്സരത്തിലുടനീളം നിലനിർത്താനായാൽ ഡൽഹിക്കെതിരെ ചെന്നൈയ്ക്ക് മികച്ച വിജയം സ്വന്തമാക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *