കൊലപാതകത്തിനുശേഷം ലക്ഷ്യം വച്ചത് തമിഴ്നാട്; നാട്ടുകാർ ഇറങ്ങിയതോടെ കോട്ടയത്ത് കുടുങ്ങി പ്രതികൾ

മുണ്ടക്കയം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്ന കേസിൽ മുഖ്യപ്രതിയുൾപ്പടെ പത്ത് പ്രതികളെ പൊലീസ് പിടികൂടി. നൗഫൽ, ഷംനാദ്, ഷിനു പീറ്റർ, മുഹമ്മദ് ഫെെസൽ, ബ്ലാക്ക് വിഷ്ണു, അനീർ, ഹുസെെൻ, ആഷിക്ക്, ആദിൽ, അലി ഉമ്മർ എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച നാലുപ്രതികളെ സിനിമാ സ്റ്റെെലിലാണ് പൊലീസ് പിടികൂടിയത്.

കൃത്യം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട സംഘം രാത്രി എട്ടുമണിയോടെയാണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. മണിമല വഴി കറുകച്ചാൽ എത്തി പൊലീസിനെ വെട്ടിച്ച് ചുറ്റിതിരിഞ്ഞായിരുന്നു ഇവർ സഞ്ചരിച്ചത്. അതിർത്തി കടന്ന് തമിഴ്‌നാട്ടിലെത്താനായിരുന്നു ലക്ഷ്യം. കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മെെൽ കവലയുടെ സമീപം സംഘം പൊലീസിന് മുന്നിൽപ്പെട്ടു. പക്ഷേ പിടികൂടാനായില്ല. തുടർന്ന് മുണ്ടക്കയം ബെെപാസ് റോഡിൽ പൊലീസ് ഇവർക്ക് കെണിവച്ചെങ്കിലും ഇവർ രക്ഷപ്പെട്ടു.

ദേശീയപാതയിലേക്ക് കയറാതെ പൂഞ്ഞാർ എരുമേലി സംസ്ഥാനപാതയിൽ ആയിരുന്നു പ്രതികളുടെ യാത്ര. ടൗണിന് ഒരു കിലോമീറ്റർ അകലെ പുത്തൻചന്തയിൽ പിക്കപ്പ് ലോറി ഉപയോഗിച്ച് പ്രതികളുടെ വാഹനം തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇവിടെ നിന്നാണ് ഇവർ എരുമേലി റൂട്ടിലേക്ക് പോയത്. മുണ്ടക്കയത്ത് നിന്നും നാല് കിലോമീറ്രർ അകലെ അമരാവതി കവലയിൽ എത്തി പൊലീസിനെ വെട്ടിക്കാൻ ഇടത്തേക്കുള്ള പുഞ്ചവയൽ റോഡിലൂടെ കയറി. തമിഴ്‌നാട് റോഡിലേക്കുള്ള ഗൂഗിൾ മാപ്പ് നോക്കിയായിരിക്കാം യാത്രയെന്ന് ഊഹിച്ച പൊലീസ് വഴിയിൽ തടസങ്ങൾ സൃഷ്ടിച്ചു.

പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ അടക്കമുള്ള കാര്യങ്ങൾ പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ നാട്ടുകാരും ഇവരെ തപ്പിയിറങ്ങി. അമരാവതി പുഞ്ചവയൽ റൂട്ടിൽനിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂൾ ഭാഗത്തേക്കുള്ള ചെറിയ റോഡിൽ വാഹനവുമായി പ്രതികൾ എത്തിയതോടെ കുടുങ്ങി. കാർ വരുന്നത് കണ്ട് നാട്ടുകാർ തിരിച്ചറിഞ്ഞ് ഓടിയെത്തി ഇവരെ തടഞ്ഞു പിന്നാലെ പൊലീസെത്തി നാലുപ്രതികളെയും പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *