മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ

പോഗ്യാംഗ്: മേഖലയിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഏകാധിപതി കിം ജോംഗ് ഉന്നിന്റെ നേരിട്ടുള്ള സാന്നിദ്ധ്യത്തിൽ പന്ത്രണ്ട് അത്യാധുനിക റോക്കറ്റ് ലോഞ്ചറുകളാണ് പരീക്ഷിച്ചത്. ദക്ഷിണ കൊറിയയും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനികാഭ്യാസത്തിനുള്ള മറുപടിയാണിതെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ അറിയിച്ചു.
ശത്രുക്കളെ മുൾമുനയിൽ നിർത്തി തങ്ങളുടെ തന്ത്രപ്രധാന ആണവായുധങ്ങളുടെ പ്രഹരശേഷി ബോദ്ധ്യപ്പെടുത്താനാണ് പരീക്ഷണമെന്ന് കിം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യുഎസ് -ദക്ഷിണ കൊറിയ സൈനികാഭ്യാസത്തിനിടെ 420ഓളം കിലോമീറ്റർ പരിധിയിലുള്ള പത്തോളം ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ ചൈന കടലിലെ ഒരു ദ്വീപിനെ ലക്ഷ്യമാക്കി ഉത്തരകൊറിയ കരുത്ത് കാട്ടിയത്. ഇതിന് പിന്നാലെയാണ് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നത്.കിഴക്കൻ ചൈന കടൽ ദ്വീപിനെ ലക്ഷ്യമാക്കി നടത്തിയ പരീക്ഷണത്തിൽ 364.4 കലോമീറ്റർ അകലെയുള്ള ലക്ഷ്യം 100ശതമാനം കൃത്യതയോടെ തകർത്തതായാണ് ഉത്തര കൊറിയയുടെ അവകാശവാദം.
മിസൈൽ പരീക്ഷണം കാണാൻ കിമ്മിനൊപ്പം മകൾ കിം ജൂ എയും എത്തിയിരുന്നു. കിമ്മിന്റെ പിൻഗാമിയായി മകൾ എത്തിയേക്കുമെന്ന ചർച്ചകൾ ഇതോടെ വീണ്ടും സജീവമായി. ഇന്ന് ഉച്ചയ്ക്ക് 1:20ഓടെ പ്യോങ്യാംഗിന് സമീപത്തുനിന്ന് പത്തിലധികം ബാലിസ്റ്റിക് മിസൈലുകൾ ഉത്തര കൊറിയ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം സ്ഥിരീകരിച്ചു. ഇവ ഏകദേശം 350 കിലോമീറ്റർ സഞ്ചരിച്ച് കടലിൽ പതിച്ചതായാണ് വിവരം.
അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസം പ്രതിരോധത്തിനായുള്ളതാണെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെടുമ്പോഴും അധിനിവേശത്തിനുള്ള തയ്യാറെടുപ്പാണെന്നാണ് കിമ്മിന്റെ സഹോദരി കിം യോ ജോംഗിന്റെ ആരോപണം.കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി, ആണവായുധങ്ങൾ തൊടുത്തുവിടാനുള്ള മിസൈലുകൾ നിർമ്മിക്കുന്ന തിരക്കിലാണ് ഉത്തര കൊറിയ. ഇതിനോടകം തന്നെ വിവിധ തരത്തിലുള്ള ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ അവർ വിജയകരമായി പരീക്ഷിച്ചുവെന്നും അവ കൈവശം വയ്ക്കപ്പെടുന്നുണ്ടെന്നുമാണ് കരുതപ്പെടുന്നത്.
അതേസമയം, മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾക്കായി ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി കിം മിൻ സോക്ക് വാഷിംഗ്ടണിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഉത്തര കൊറിയയുമായി വീണ്ടും ചർച്ചകൾ നടത്താൻ ട്രംപ് താൽപ്പര്യം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. യു.എൻ ഉപരോധങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തങ്ങളുടെ ആണവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത്തരം പരീക്ഷണങ്ങൾ തുടരുമെന്ന നിലപാടിലാണ് ഉത്തര കൊറിയ.



