എൽപിജി ക്ഷാമം; നിർണായക നീക്കവുമായി കേരള സർക്കാർ

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയെ നേരിടാൻ വാർ റൂം ആരംഭിച്ച് കേരളം. പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്തിനകത്ത് എൽപിജി വിതരണത്തിൽ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സിവിൽ സപ്ലെെസ് കമ്മീഷണറേറ്റിൽ ഒരു വാർ റൂം സജ്ജമാക്കിയിട്ടുള്ളത്. എൽപിജി സ്റ്റോക്ക് കൃത്യമായി മോണിറ്റർ ചെയ്യും.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച് വാണിജ്യ ആവശ്യത്തിലെ നിയന്ത്രണത്തിൽ ആവശ്യമായ ഇളവുകൾ നൽകണമെന്ന് ഓയിൽ കമ്പനികളോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിയ്ക്ക് മന്ത്രി ജി ആർ അനിൽ കത്ത് നൽകി.മുൻഗണനാമേഖലകളായ വൃദ്ധസദനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സ്കൂളുകൾ, ജനകീയ ഹോട്ടലുകൾ, സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ, ഗസ്റ്റ് ഹൗസുകൾ, സർക്കാർ – പൊതുമേഖല ഓഫീസ് ക്യാമ്പസിലെ ക്യാന്റീനുകൾ എന്നിവയിലും മുൻഗണന നൽകി വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകൾ വിതരണം ചെയ്യാൻ തയ്യാറാകണമെന്നുള്ള ആവശ്യം ഓയിൽ കമ്പനികളെ സർക്കാർ അറിയിച്ചിട്ടുണ്ട്.കൊച്ചിയിൽ 70 ശതമാനത്തോളം ഹോട്ടലുകളാണ് കഴിഞ്ഞ ദിവസം പൂട്ടിയത്. ഗ്യാസ് സിലിണ്ടർ സ്റ്റോക്ക് ഉണ്ടായിരുന്ന ഹോട്ടലുകളും പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. ചില ഹോട്ടലുകൾ വിറകടുപ്പിലേക്ക് മാറിയിട്ടുണ്ട്. ഹോട്ടലുകൾ പൂർണമായും പൂട്ടുന്നതോടെ സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും നേരിടാനാണ് സാദ്ധ്യത.തിരുവനന്തപുരത്തെ വെജിറ്റേറിയൻ ഹോട്ടലായ ഉഡുപ്പിയും അരുണയുമൊക്കെ പാചകം വിറകടുപ്പിലാക്കി. കോഴിക്കോട്ടെ പാരഗൺ ഹോട്ടൽ മെനു വെട്ടിച്ചുരുക്കിയെങ്കിലും ഡിമാൻഡ് കൂടുതലുള്ള വിഭവങ്ങൾ നൽകുന്നുണ്ട്. റെയിൽവേ കാന്റീനുകളുടെയും കോഫി ഹൗസുകളുടെയും പ്രവർത്തനം താളം തെറ്റി. മിക്കവയും പ്രവർത്തനം നിറുത്തിവച്ചു.എൽപിജി ക്ഷാമം; നിർണായക നീക്കവുമായി കേരള സർക്കാർ,എൽപിജി ക്ഷാമം; നിർണായക നീക്കവുമായി കേരള സർക്കാർ,



