എല്ലാവർക്കും ചാമ്പ്യൻസ് ജേഴ്‌‌സി, സഞ്ജുവിന് മാത്രം ഇല്ല; കിരീടധാരണത്തിനിടെ ആരാധകരെ കുഴപ്പിച്ച് ‘മിസ്സിംഗ്’ ലുക്ക്

അഹമ്മദാബാദ്: ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ മൂന്നാം ട്വന്റി-20 ലോകകപ്പ് കിരീടം ഉയർത്തിയപ്പോൾ, സ്റ്റേഡിയത്തിൽ മുഴങ്ങിക്കേട്ടത് മലയാളി താരം സഞ്ജുവിന്റെ പേരായിരുന്നു. ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിന്റെ പ്രകടനം ഇന്ത്യയുടെ കിരീടധാരണത്തിൽ നിർണായകമായി. എന്നാൽ ആഘോഷങ്ങൾക്കിടയിലും ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയ മറ്റൊരു കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

വിജയത്തിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറും സഹതാരങ്ങളും ചാമ്പ്യൻസ് എന്നെഴുതിയ പ്രത്യേക ജേഴ്സി ധരിച്ചാണ് കിരീടം ഏറ്റുവാങ്ങാൻ എത്തിയത്. എന്നാൽ മൈതാനത്തെ ആഘോഷങ്ങളിലുടനീളം സഞ്ജു മാത്രം ചാമ്പ്യൻസ് ജേഴ്സി അണിയാതെ കാണപ്പെട്ടത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു.കളിയിലെ താരമായ ജസ്പ്രീത് ബുംറയ്ക്ക് പിന്നാലെ ടൂർണമെന്റിലെ മിന്നും താരത്തിനുള്ള പുരസ്‌കാരം സഞ്ജു ഏറ്റുവാങ്ങി. ടീം ഒന്നടങ്കം യൂണിഫോമിറ്റി നിലനിർത്തിയപ്പോൾ സഞ്ജു മാത്രം എന്തുകൊണ്ട് മാറിനിന്നു എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്. പുരസ്‌കാര ചടങ്ങിലെ തിരക്കിനിടയിൽ ജേഴ്സി മാറാൻ സമയം ലഭിക്കാത്തതാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

അഞ്ച് മത്സരങ്ങളിൽ നിന്നാണ് സഞ്ജു ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ മുൻനിരയിലെത്തിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 321 റൺസ് എന്നത് അവിശ്വസനീയ നേട്ടമാണ്. അദ്ദേഹം തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ജേഴ്സി ഏതായാലും ലോകകപ്പ് സഞ്ജുവിന്റേതുകൂടിയാണ്. ടൂർണമെന്റിലുടനീളം ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറിയത് അദ്ദേഹത്തിന്റെ മിന്നും പ്രകടനമായിരുന്നു.

നിർണായക ഘട്ടങ്ങളിൽ ടീമിനെ തോളിലേറ്റിയ സഞ്ജു, വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ 8 പോരാട്ടത്തിലും സെമി ഫൈനലിലും ബാറ്റിംഗിൽ കരുത്താനായി. കിരീടപ്പോരാട്ടം നടന്ന ഫൈനലിൽ ന്യൂസിലൻഡിനെതിരെ സമ്മർദ്ദഘട്ടത്തിൽ റൺസ് ഉയർത്തി ടീമിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചതും സഞ്ജുവിന്റെ മികവാണ്. ഈ സ്ഥിരതയാർന്ന പ്രകടനമാണ് അദ്ദേഹത്തെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കാൻ കാരണമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *