മുംബയ്ക്ക് തീയിട്ട് സഞ്ജു സാംസണ്‍; ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യക്ക് പടുകൂറ്റന്‍ സ്‌കോര്‍

മുംബയ്: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ 89(42) ആണ് ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍, ശിവം ദൂബെ എന്നിവരും ഇന്ത്യക്കായി ബാറ്റിംഗില്‍ തിളങ്ങി. അവസാന ഓവറുകളില്‍ തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വമ്പനടികള്‍കൂടിയായപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തുകയായിരുന്നു.

ഇന്നിംഗ്‌സിന്റെ രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 9(7) മാത്രമായിരുന്നു മോശം ഫോം തുടരുന്ന താരത്തിന്റെ സംഭാവന. എന്നാല്‍ രണ്ടാം വിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരായ സഞ്ജു – ഇഷാന്‍ സഖ്യം നിറഞ്ഞാടിയതോടെ ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 45 പന്തുകളില്‍ നിന്ന് 97 റണ്‍സ് സഞ്ജുവിനൊപ്പം കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഇഷാന്‍ കിഷന്‍ 39(18) പുറത്തായത്.

പകരമെത്തിയ ശിവം ദൂബെയും മികച്ച ഫോമിലായിരുന്നു. 43(25) റണ്‍സെടുത്ത ദൂബെ, സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിനെതിരായ തകര്‍പ്പന്‍ ഫോം തുടര്‍ന്ന സഞ്ജു 42 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറിയും ഏഴ് സിക്‌സറുകളും സഹിതം 89 റണ്‍സാണ് അടിച്ചെടുത്തത്. വില്‍ ജാക്‌സിന്റെ പന്തില്‍ ഡീപ് എക്‌സ്ട്രാ കവറില്‍ ഫിലിപ് സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 11(6) റണ്‍സെടുത്ത് മടങ്ങി. തിലക് വര്‍മ്മ 21(7) ഹാര്‍ദിക് പാണ്ഡ്യ 27(12) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button