ഐസിസി വിലക്കല്ല, സഞ്ജുവിന് മുന്നിലെ യഥാർത്ഥ ഭീഷണി ആ താരം

മുംബയ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 ലോകകപ്പ് സെമി ഫൈനലിന് ഇന്ത്യ ഒരുങ്ങുമ്പോൾ, ആരാധകരുടെ ചർച്ചാവിഷയം മലയാളി താരം സഞ്ജു സാംസണിന് ഐസിസി വിലക്ക് ലഭിക്കുമോ എന്നതാണ്. എന്നാൽ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അതിലും വലിയൊരു ഭീഷണി കാത്തിരിക്കുന്നത് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ കൈകളിൽ നിന്നാണ്. ഹെൽമറ്റ് വലിച്ചെറിഞ്ഞ സംഭവത്തിൽ ഐസിസി പിഴയോ നടപടിയോ എടുത്തേക്കാം, എന്നാൽ കളിക്കളത്തിൽ സഞ്ജുവിന്റെ വിക്കറ്റെടുക്കാൻ തന്ത്രങ്ങൾ മെനയുകയാണ് ആർച്ചർ.

അഞ്ച് ഇന്നിംഗ്സുകളിലായി 23 പന്തുകൾക്കിടയിൽ മൂന്ന് തവണയാണ് ആർച്ചർ സഞ്ജുവിനെ പുറത്താക്കിയത്. ഇത് യാദൃശ്ചികതയല്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2025ന്റെ തുടക്കം മുതൽ ആർച്ചറിനെതിരെ സഞ്ജുവിന്റെ ശരാശരി വെറും 18.13 ആണ്.പേസർമാർക്കെതിരെ സഞ്ജു പുറത്തായ 15 തവണയിൽ 14ഉം ‘ഗുഡ് ലെംഗ്ത്ത്പന്തുകളിലായിരുന്നു. കൃത്യമായി ഇതേ രീതിയിൽ തന്നെയാണ്ആർച്ചറും പന്തെറിഞ്ഞത്.

ടൂർണമെന്റിൽ പേസർമാർക്ക് അനുകൂലമാണ് വാംഖഡെയിലെ പിച്ച്. എട്ട് മീറ്ററിൽ താഴെ ലെംഗ്ത്തിൽ വീണ പന്തുകൾ ഇവിടെ 16.5 ശരാശരിയിൽ 10 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. പന്തിന് ലഭിക്കുന്ന ബൗൺസും വേഗതയും സഞ്ജുവിനെ കുഴപ്പിക്കാൻ സാധ്യതയേറെയാണ്. ആർച്ചറുടെ ഷോർട്ട് ബോളുകൾ സഞ്ജുവിനെ പ്രതിരോധത്തിലാക്കാൻ ഇംഗ്ലണ്ട് ഉപയോഗിച്ചേക്കാം.വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാത്ത 97 റൺസ് സഞ്ജുവിന്റെ ഫോം തെളിയിക്കുന്നതായിരുന്നു. എങ്കിലും ആർച്ചറെ നേരിടുമ്പോൾ താരം കൂടുതൽ ശ്രദ്ധിക്കേണ്ടി വരും.

ആർച്ചറെ അനായാസം നേരിട്ട അഭിഷേക് ശർമയുടെ ബാറ്റിംഗ് സഞ്ജുവിന് മാതൃകയാക്കാവുന്നതാണ്. ആർച്ചറുടെ താളം തെറ്റിക്കാൻ ക്രീസിന് വെളിയിലിറങ്ങിയും പുൾ ഷോട്ടുകളിലൂടെയും അഭിഷേക് 33 പന്തിൽ 62 റൺസാണ് അടിച്ചെടുത്തിട്ടുള്ളത്. ഐസിസിയുടെ പുനപരിശോധന സഞ്ജുവിന് പിഴയിലോ ഡിമെറിറ്റ് പോയിന്റിലോ ഒതുങ്ങിയേക്കാം, അത് സെലക്ഷനെ ബാധിക്കാനിടയില്ല. എന്നാൽ വാംഖഡെയിൽ പുതിയ പന്തുമായി നിൽക്കുന്ന ആർച്ചർ ഒരു വലിയ യാഥാർത്ഥ്യമാണ്. ആദ്യ രണ്ട് ഓവർ ആർച്ചറെ അതിജീവിക്കാൻ സഞ്ജുവിന് കഴിഞ്ഞാൽ ഇന്ത്യയുടെ സെമി ഫൈനൽ സുഗമമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *