നെക്ക് കോളർ ധരിച്ച് മന്ത്രി വീണ ജോർജ് പൊതുവേദിയിൽ, ഉന്നയിച്ചത് അതിഗുരുതര ആരോപണം

പത്തനംതിട്ട: കണ്ണൂർ സംഭവത്തിന് ശേഷം ആദ്യമായി പൊതുപരിപാടിയിൽ പങ്കെടുത്ത് ആരോഗ്യമന്ത്രി വീണ ജോർജ്. പത്തനംതിട്ടയിൽ തുടങ്ങിയ ആരോഗ്യ ആനന്ദം ഫെസ്റ്റ് മന്ത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ പരിക്കേറ്റതിന് പിന്നാലെ ആദ്യമായിട്ടാണ് വീണ ജോർജ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിനിടെ പ്രതികരിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് സ്വകാര്യ ആശുപത്രികൾ കമ്മീഷൻ നൽകുന്നെന്ന മന്ത്രിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

രോഗിയെ എത്തിച്ചുകൊടുക്കുന്ന ആംബുലൻസ് ഡ്രൈവർക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രി, ഒരാൾക്ക് പതിനായിരം രൂപ എന്ന കണക്കിൽ കമ്മീഷൻ നൽകുന്നുവെന്നായിരുന്നു വീണ ജോർജിന്‍റെ വിവാദ പ്രസ്താവന. കോഴഞ്ചേരിയിൽ നടത്തിയ പൊതുപരിപാടിയിലാണ് മന്ത്രിയുടെ പ്രസ്താവന. ഡോക്‌ടർമാർ തന്നോട് പറഞ്ഞതാണ് ഇക്കാര്യമെന്നാണ് മന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. മന്ത്രിയുടെ പ്രസ്താവനക്കെതിരെ ആംബുലൻസ് ഉടമസ്ഥരുടെയും ഡ്രൈവർമാരുടെയും സംഘടന രംഗത്ത്.

അതിനിടെ, വീണ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ കെഎസ്‍യു പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയിൽ ഇന്നലെ കോടതി വിശദവാദം കേട്ടിരുന്നു. ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമെന്നും വധശ്രമം നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയിലാവശ്യപ്പെട്ട പ്രോസിക്യൂഷൻ, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും കോടതിയില്‍ വാദിച്ചു. പ്രതികളെ ഈ മാസം 5 ന് കോടതിയിൽ ഹാജരാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *