പിതാവ് മക്കൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം ജീവനൊടുക്കി

ആലപ്പുഴ: പിതാവ് മക്കൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകിയ ശേഷം സ്വയം ജീവനൊടുക്കി. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ ആലുംമൂട് സ്വദേശി മനോജ് (45) മൂത്തമകൾ ശിവനന്ദ (12) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ മകൾ ശിവഗംഗ (7) നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂത്ത മകൾ ആറിലും രണ്ടാമത്തെ മകൾ രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും മാന്നാർ ശ്രീഭുവനേശ്വരി സ്‌കൂളിലെ വിദ്യാർത്ഥികളാണ് .

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ സ്‌കൂൾ വിട്ട മക്കളെ കാറിൽ കൂട്ടിക്കൊണ്ട് വരുന്നതിനിടെയാണ് മനോജ് കടുംകൈ ചെയ്തത്. മാന്നാർ ഊട്ടുപറമ്പിന് സമീപമുള്ള വിജനമായ വഴിയിൽ കാർ നിർത്തിയിട്ട ശേഷം മക്കൾക്ക് ഇയാൾ വിഷം കലർത്തിയ ജ്യൂസ് നൽകുകയായിരുന്നു. തുടർന്ന് ഇയാളും വിഷം കഴിച്ചു. കയ്പ്പുണ്ടെന്ന് പറഞ്ഞ് ഇളയ മകൾ ശിവഗംഗ ജ്യൂസ് തുപ്പി.

പിതാവും സഹോദരിയും കാറിനുള്ളിൽ കുഴഞ്ഞ് വീഴുന്നത് കണ്ട് പരിഭ്രമിച്ച കുട്ടി വഴിയാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു.നാട്ടുകാർ ഉടൻ തന്നെ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മനോജ് മരണപ്പെട്ടു. ഗുരുതരാവസ്ഥയിലായിരുന്ന മനോജിന്റെ മൂത്തമകൾ ശിവനന്ദ രാത്രി പത്ത് മണിയോടെയാണ് മരിച്ചത്. മനോജിന് ഒന്നര വയസുള്ള ഒരു പെൺകുഞ്ഞ് കൂടി ഉണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *