കേരളത്തിൽ എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്ന് മന്ത്രി കെബി ഗണേശ് കുമാർ

തിരുവനന്തപുരം: കേരളത്തിൽ എയിംസ് വരില്ലെന്ന് താൻ പറഞ്ഞത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രകോപിപ്പിച്ചെന്ന് മന്ത്രി കെബി ഗണേശ് കുമാർ. എയിംസ് വരുമെന്ന അവകാശവാദത്തിനിടെ നടത്തിയ അധിക്ഷേപ പരാമർശം തന്നെക്കുറിച്ചാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘കേരളത്തിൽ എയിംസ് വരും മറ്റേ മോനെ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

‘എന്നെക്കുറിച്ചാകാം അദ്ദേഹം പറഞ്ഞത്. എയിംസ് വരില്ലെന്ന് തിരുവനന്തപുരത്ത് പ്രസംഗിച്ചപ്പോൾ ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞതല്ലേ ശരിയായത്. ഇതിന് മറുപടി ഞാൻ അല്ല പറഞ്ഞത്, ജനങ്ങളാണ് പറഞ്ഞത്. എയിംസ് വന്നില്ല..മറ്റേ മോനെ എന്നാണ് ജനങ്ങൾ പറഞ്ഞത്. കുറേക്കാലമായി എയിംസിന്റെ പേരും പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്.

അദ്ദേഹത്തിന്റെ രീതി അനുസരിച്ച് അദ്ദേഹം അങ്ങനെ പറഞ്ഞു. എനിക്ക് അതിലൊന്നും ഒരു പരാതിയുമില്ല’- ഗണേശ് കുമാർ പറഞ്ഞു.തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായി’ യാേഗം ഉദ്ഘാടനം ചെയ്യവെ, എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശപ്പെട്ടുകൊണ്ട് ആരുടെയും പേരുപറയാതെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമർശം നടത്തിയത്. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ.. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.’കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നുമാത്രമേ എനിക്ക് പറയാൻ പറ്റൂ. തീർച്ചയായും കേരളത്തിലെ ഒരു ജില്ലയിൽ എയിംസ് വരും.

അത് വരും എന്നുപറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ട്. അങ്ങനെയുള്ളവർ ആ ഭയത്തിൽ മുങ്ങി മരിക്കട്ടെ. നിലവിൽ രണ്ടുജില്ലകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ എയിംസ് ചർച്ചകൾ നടക്കുന്നത്. എന്നാൽ വികസന കാര്യത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്ന ജില്ല എന്ന നിലയിൽ ആലപ്പുഴയ്ക്ക് എയിംസിനായി മുൻഗണന നൽകണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ആലപ്പുഴയിലല്ലെങ്കിൽ തൃശൂരിന് എയിംസ് നൽകുന്നതാണ് നീതി’- സുരേഷ് ഗോപി അന്ന് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *