മൂന്നാം മുറ പ്രയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മൂന്നാം മുറ പ്രയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് സസ്‌പെൻഷൻ ലഭിച്ചത്. വാഹന മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ ക്രൂരമായി മർദ്ദിച്ചതിനാണ് നടപടി. ഗ്രേസ് എസ്‌ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, ഗിരീഷ്, സിജുകുമാർ എന്നിവരാണ് നടപടി നേരിട്ടത്.

കോട്ടയം സ്വദേശിയായ ജിനു ബേബി, ഉണ്ണി എന്നിവരെയാണ് ബൈക്ക് മോഷണക്കേസിൽ പൊലീസ് പിടികൂടിയത്. ജിനുവിനെ പൊലീസുകാർ ക്രൂരമായി മർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ചപ്പോഴായിരുന്നു മർദ്ദനം. സിസിടിവി പരിശോധനയിലാണ് മർദ്ദനവിവരം പുറത്തുവന്നത്.തിരുവനന്തപുരത്ത് ഒരു ഹോട്ടലിനുമുന്നിൽ വച്ചിരുന്ന ബൈക്കാണ് പ്രതികൾ മോഷ്ടിച്ചത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം മോഷ്ടാവായ ജിനുവിനെ പൊലീസ് തിരിച്ചറിഞ്ഞത്. ഫോർട്ട് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഡാൻസാഫ് സംഘം ജിനുവിനെ പിടികൂടി സെൻട്രൽ പൊലീസിന് കൈമാറി. തുടർന്ന് ജിനുവിനെയും കൂട്ടുപ്രതിയായ ഉണ്ണിയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു കുട്ടിയെയും ഫോർട്ട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മോഷണം നടത്തിയത് തെളിഞ്ഞതോടെ പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി കേസിൽ ജിനുവിനെയും ഉണ്ണിയെയും മാത്രമാണ് പ്രതിചേർത്തത്. പിന്നാലെ കഴിഞ്ഞ ശനിയാഴ്‌ച ഇരുവരെയും റിമാൻഡ് ചെയ്തു. വൈദ്യ പരിശോധനയിലാണ് ജിനുവിന്റെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയത്.ജില്ലാ ജയിലിലെത്തിച്ചപ്പോൾതന്നെ ജിനുവിന്റെ നില വഷളായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.

മർദ്ദനത്തിൽ ജിനുവിന്റെ വൃക്കകളുടെ പ്രവർത്തനം തകരാറിലായ നിലയിലാണ്. കൈക്കും ഗുരുതര പരിക്കുണ്ട്. കൈയിൽ ശസ്ത്രക്രിയ നടത്തിയതിനുശേഷം ജിനുവിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഉണ്ണി വാർഡിൽ ചികിത്സയിൽ കഴിയുന്നു. കൊച്ചിയിൽ നിന്ന് പിടികൂടിയ പ്രതിയെ തിരുവനന്തപുരത്തുവച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മിഷണർ ഉത്തരവിട്ടിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *