ഒതുക്കാനുള്ള നീക്കമോ? മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് കെകെ ശൈലജ

കണ്ണൂർ: ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിൽ നിന്നുള്ള പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജയും ഉൾപ്പെടും. കെകെ ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റി മറ്റേതെങ്കിലും മണ്ഡലത്തിൽ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ മട്ടന്നൂരില്ലെങ്കിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. മണ്ഡലം മാറ്റുന്നത് സംബന്ധിച്ച അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

അഞ്ച് വട്ടം മത്സരിച്ചതിനാൽ കെകെ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടും ചില നേതാക്കൾ സ്വീകരിച്ചിട്ടുണ്ട്. മട്ടന്നൂരല്ലെങ്കിൽ തളിപ്പറമ്പ്, പേരാവൂർ എന്നീ മണ്ഡലങ്ങളിൽ പരിഗണിക്കാനാണ് സാദ്ധ്യത. മട്ടന്നൂരിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിനെയോ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി പുരുഷോത്തമനെയോ പരിഗണിക്കാമെന്ന നിർദ്ദേശവും ജില്ലാ സെക്രട്ടറിയേറ്റിലുയർന്നു.

തളിപ്പറമ്പിൽ ശൈലജയ്ക്ക് പുറമെ എം.വി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. മുൻ എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് എൻ.സുകന്യ. എം.വി.ഗോവിന്ദന്റെ ഭാര്യയും ആന്തൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണുമായ പി.കെ.ശ്യാമളയുടെ പേരിന് പിന്തുണ ലഭിച്ചെന്നും വിവരമുണ്ട്.

അതേസമയം, തളിപ്പറമ്പിൽ എംവി നികേഷ് കുമാറിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ.നിയമസഭാ സ്പീക്കർ എഎൻ ഷംസീർ ഇത്തവണ മത്സരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. അങ്ങനെ വന്നാൽ തലശ്ശേരിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, എം.വി. ജയരാജൻ എന്നീ പേരുകൾ ജില്ലാ നേതൃത്വം മുന്നോട്ടു വയ്ക്കുന്നു. പയ്യന്നൂരിൽ ടി ഐ മധുസൂദനന് രണ്ടാം തവണയും അവസരം നൽകുമെന്ന് ഉറപ്പാണ്.

മധുസൂദനനെ മാറ്റിയാൽ രക്തസാക്ഷി ഫണ്ട് ദുർവിനിയോഗം അടക്കമുള്ള ആരോപണം ശരി വയ്ക്കുന്നതിന് തുല്യമാകുമെന്നതും ഇതിന് പിന്നിലുണ്ട്.കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജൻ, പി.ശശി എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ചിട്ടില്ല. അഴീക്കോട്ട് കെ.വി.സുമേഷും കല്യാശേരിയിൽ എം.വിജിനും പേരാവൂരിൽ സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും മത്സരിക്കും. കണ്ണൂരിലും കൂത്തുപറമ്പിലും ഘടകകക്ഷികളാകും മത്സരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *