പത്താം ക്ലാസ് പരീക്ഷയ്ക്കിടെ സ്‌കൂളിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി വിദ്യാർത്ഥിനി

ഭോപ്പാൽ: പത്താം ക്ലാസ് പരീക്ഷയ്ക്കിടെ സ്‌കൂളിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി വിദ്യാർത്ഥിനി. മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. തനിക്ക് പരിചയമുള്ള യുവാവ് മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നു. കഴിഞ്ഞ ദിവസം കുട്ടിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വൈദ്യപരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

2024ലെ ഗർബ ആഘോഷങ്ങൾക്കിടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെടുന്നത്. പിതാവിന്റെ ഫോൺ ഉപയോഗിച്ചായിരുന്നു പെൺകുട്ടി യുവാവുമായി സംസാരിച്ചത്. പിന്നീട് കഴിഞ്ഞവർഷം മേയിൽ പ്രതി പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തിരുന്നു. ഇത് നിരസിച്ചതിനെത്തുടർന്ന് നിർബന്ധിച്ച് യുവാവ് തന്റെ വാടകമുറിയിൽ എത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.വിവരം പുറത്തു പറഞ്ഞാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പിന്നീട് പലതവണ പെൺകുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡനം തുടർന്നു.

ഭയം കാരണമാണ് ഗർഭിണിയായ വിവരം മറച്ചുവച്ചതെന്ന് പെൺകുട്ടി പറഞ്ഞു. ചൊവ്വാഴ്ച പരീക്ഷ എഴുതിക്കൊണ്ടിരിക്കെ പെൺകുട്ടിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു.ശുചിമുറിയിൽ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് സ്‌കൂൾ അധികൃതർ നടത്തിയ പരിശോധനയിലാണ് ആൺകുഞ്ഞിന് ജന്മം നൽകിയതായി കണ്ടെത്തിയത്. ഉടൻ തന്നെ പെൺകുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *