ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെയുള്ള ആക്രമണത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ‘ഒരു കാര്യം ഓർക്കണം, ഞങ്ങൾ ഇതുപോലെ പ്രതികരിച്ചാൽ നിങ്ങൾക്കത് താങ്ങില്ല’-എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്കിലെ പ്രതികരണം. ആരോഗ്യമന്ത്രി ആക്രമിക്കപ്പെട്ടത് വി ഡി സതീശന്റെ അറിവോടെയാണെന്നും കോൺഗ്രസ് തീക്കട്ട കൊണ്ട് തല ചൊറിയുന്നുവെന്നും വി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കെഎസ്‍യു പ്രതിഷേധത്തിനിടെയാണ് ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്.
കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. മന്ത്രിക്കൊപ്പം സ്പീക്കര്‍ എൻ എം ഷംസീറും ഉണ്ടായിരുന്നു.
സിപിഎം ജില്ല സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി. ആരോഗ്യമന്ത്രിയെ ആക്രമിച്ചത് അപലപനീയമെന്ന് സ്പീക്കര്‍ ഷംസീര്‍ പ്രതികരിച്ചു. സമരക്കാരെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയണമെന്നും സ്പീക്കര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവം പ്രതിഷേധാര്‍ഹമെന്ന് എം വി ജയരാജൻ പറഞ്ഞു.



