കേരള നിയമസഭയിൽ ഒന്നോരണ്ടോ സീറ്റുമാത്രമല്ല ബിജെപിയുടെ ലക്ഷ്യം, അണിയറയിൽ ഒരുങ്ങുന്നത് കിടിലൻ മാസ്റ്റർ പ്ലാൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാർഥി നിർണയ ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. ഏറെ പ്രതീക്ഷയുള്ള സീറ്റുകളിൽ ഏകദേശ ധാരണയായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉടൻ വേണ്ടെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ പട്ടികയ്‌ക്കൊപ്പം കേരളത്തിലെ സ്ഥാനാർഥികളെയും പ്രഖ്യാപിക്കാനാണ് സാദ്ധ്യത. എന്നാൽ സീറ്റ് ഉറപ്പായ നേതാക്കളോട് മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിക്കാൻ പാർട്ടി നിർദ്ദേശം നൽകിക്കഴിഞ്ഞു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ ജനവിധി തേടുമ്പോൾ, കഴക്കൂട്ടത്ത് മുൻ കേന്ദ്രമന്ത്രി വി മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കാനാണ് സാദ്ധ്യത. കാട്ടാക്കടയിൽ മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനെയും പാലായിൽ എൻഡിഎ ഘടകകക്ഷി നേതാവായ ഷോൺ ജോർജിനെയും സ്ഥാനാർഥികളായി പരിഗണിക്കുന്നു. തിരുവല്ലയിൽ അനൂപ് ആന്റണിയും ചെങ്ങന്നൂരിൽ സന്ദീപ് വാചസ്പതിയും മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന.

മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ആറന്മുള മണ്ഡലത്തിൽ നിന്നാകും ജനവിധി തേടുക. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായ പ്രധാന മണ്ഡലങ്ങളാണ് ഇവയെല്ലാം.വട്ടിയൂർക്കാവിൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരാണ് സജീവമായി പരിഗണിക്കുന്നത്. ഇതിൽ കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനം ഉടനുണ്ടാകും. സ്ഥാനാർത്ഥിയാകാൻ ഇല്ലെന്നാണ് നേരത്തെ ശ്രീലേഖ സൂചന നൽകിയത്. തിരുവനന്തപുരം മണ്ഡലത്തിൽ കരമന ജയൻ, ചെങ്കൽ രാജശേഖരൻ നായർ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.

തൃശൂരിൽ എംടി രമേശിന്റെ പേര് കേൾക്കുന്നുണ്ടെങ്കിലും ഇവിടെർ സർപ്രൈസ് സ്ഥാനാർത്ഥിക്കാണ് സാദ്ധ്യതയെന്നാണ് റിപ്പോർട്ടുകൾ. കായംകുളം, പാലക്കാട് മണ്ഡലങ്ങളിലൊന്നിൽ ശോഭ സുരേന്ദ്രൻ മത്സരിക്കാനാണ് സാദ്ധ്യത. എറണാകുളം ജില്ലയിൽ ചില സീറ്റുകൾ ട്വന്റി-20ക്ക് വിട്ടുനൽകാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിലും ആലുവയിലും ബിജെപി നേരിട്ട് മത്സരിക്കും. എൻഡിഎ ഘടകകക്ഷി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സാബു ജേക്കബ് എന്നിവരുടെ സ്ഥാനാർത്ഥിത്വം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *