ബസ് റൂട്ട് വിഷയത്തിൽ നിയമസഭയിൽ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിനെ പരസ്യമായി തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ് റൂട്ട് വിഷയത്തിൽ നിയമസഭയിൽ ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിനെ പരസ്യമായി തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ബസുകളോട് മത്സരിക്കേണ്ടതില്ലെന്ന് കെഎസ്‌ആർടിസിക്ക് നിർദേശം നൽകിയെന്നും സ്വകാര്യ ബസ് സർവീസ് ബിസിനസ് ആണെന്നും അവരെ ബുദ്ധിമുട്ടിക്കാനില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞതാണ് മുഖ്യമന്ത്രി തിരുത്തിയത്.
കെഎസ്‌ആർടിസി ബസുകൾക്ക് പ്രൈവറ്റ് ബസുകളുടെ മുന്നിൽ കയറി ഓടുന്ന പ്രവണതയുണ്ടായിരുന്നു. നഷ്ടത്തിൽ ഓടിയിരുന്നതിന്റെ രഹസ്യം ഇതാണ്. പ്രൈവറ്റ് ബസുകളുടേത് പുതിയ വണ്ടികളായിരിക്കും. അവർ മത്സരിച്ചോടാൻ തയ്യാറാണ്. എന്നാൽ നമ്മുടെ ഡ്രൈവർമാർ മത്സരിച്ചോടിയാൽ അപകടമുണ്ടാക്കും. അതിനാൽതന്നെ ഞാൻ മന്ത്രിയായി വന്നപ്പോൾ ഒരു തീരുമാനമെടുത്തിരുന്നു. പ്രൈവറ്റ് ബസുകളുടെ തലയ്ത്തൽ ഓടുന്നത് നിർത്താമെന്നുള്ളത്. അവരുടേത് ബിസിനസ് ആണ്.
അവർ ടാക്‌സ് അടയ്ക്കുന്നവരാണ്. അവരത് നടത്തട്ടെ. അനാവശ്യമായ മത്സരത്തിന് പോകേണ്ട എന്ന തീരുമാനമാണ് കളക്ഷഷ വർദ്ധിക്കാൻ കാരണമായത്. നമുക്ക് ലോക്കൽ ബസുകളിൽ നിന്ന് നല്ല കളക്ഷൻ ലഭിക്കുന്നുണ്ട്’- എന്നായിരുന്നു മന്ത്രി കെ ബി ഗണേശ് കുമാറിന്റെ വാക്കുകൾ.പ്രൈവറ്റ് ബസുകൾ ഓടുന്ന സ്ഥലത്ത് കെഎസ്‌ആർടിസി ബസുകൾ ഓടാതിരിക്കുക എന്ന നയമാണ് മന്ത്രിയുടെ വാക്കുകളിൽ നിന്ന് തോന്നിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അങ്ങനെ വന്നാലത് വലിയ പ്രയാസങ്ങളുണ്ടാക്കും.
അനാരോഗ്യകരമായ മത്സരം പാടില്ലെന്ന് പറയുന്നത് ശരിയാണ്. അത് ഒഴിവാക്കുന്നത് നല്ലതാണ്. എന്നാലിന്ന് ധാരാളം പ്രൈവറ്റ് ബസുകൾ ഓടുന്ന റൂട്ടിലും കെഎസ്‌ആർടിസി ബസുകൾ ഓടുന്നുണ്ട്. അവിടെ നിന്നെല്ലാം കെഎസ്‌ആർടിസി ബസുകൾ പിൻവലിക്കുന്ന നയം സർക്കാരിന് സ്വീകരിക്കാൻ പറ്റില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എന്നാൽ പ്രൈവറ്റ് ബസുകളുമായി അനാരോഗ്യകരമായ മത്സരമല്ലയുള്ളതെന്നും പ്രൈവറ്റ് ബസുകളുള്ളയിടത്തുനിന്ന് മാറുന്ന പ്രശ്‌നമേയില്ലെന്നും കെ ബി ഗണേശ് കുമാർ മുഖ്യമന്ത്രിക്ക് മറുപടി നൽകി.
പ്രൈവറ്റ് ബസുകൾ ഓടുന്നയിടങ്ങളിലും കെഎസ്‌ആർടിസി ഓടുന്നുണ്ട്. തീരെ വണ്ടിയില്ലാത്ത സ്ഥലങ്ങളിൽ വണ്ടികളോടിച്ചപ്പോൾ കൂടുതൽ കളക്ഷൻ ലഭിച്ചുവെന്നാണ് പറഞ്ഞത്. മത്സരത്തിൽ പിടിച്ചുനിൽക്കാനാകാത്തതുകൊണ്ടാണ് മുൻപ് നഷ്ടം നേരിട്ടത്. എല്ലാ സ്ഥലത്തും നിന്ന് മാറികൊടുക്കുമെന്നല്ല പറഞ്ഞത്. പ്രൈവറ്റ് ബസുകളുടെ കുത്തക തകർത്തുകൊണ്ടാണ് കെഎസ്‌ആർടിസി മുന്നേറുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.



