സിൽവർലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കു ബദലായി റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) നടപ്പിലാക്കാനുള്ള ശ്രമങ്ങൾ തുടർന്ന് സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ആദ്യഘട്ടത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളിൽ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്.
ഘട്ടം ഘട്ടമായി കാസർകോട് വരെ പദ്ധതി പിന്നീട് നീട്ടും. റിസർവേഷൻ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയിൽ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണു ചർച്ചകളിലുള്ളത്. തൂണുകളും വയഡക്ടുകളും വഴി പാതയുടെ കൂടുതൽ ഭാഗവും കടന്നു പോകുന്ന നിർമാണ രീതിയാണു റാപ്പിഡ് റെയിലിൽ.
ഡൽഹി–മീററ്റ് റാപ്പിഡ് റെയിൽ നടപ്പാക്കിയ നാഷനൽ ക്യാപ്പിറ്റൽ റീജൻ ട്രാൻസ്പോർട്ട് കോർപറേഷനാണു (എൻസിആർടിസി) കർണാടകയിൽ സമാനമായ പദ്ധതിക്ക് ഡിപിആർ തയാറാക്കുന്നത്. എൻസിആർടിസിയുമായി കേരളം അനൗദ്യോഗിക ചർച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്നാട്ടിൽ ചെന്നൈ മെട്രോയും റാപ്പിഡ് റെയിലിനു ഏജൻസിയെ കണ്ടെത്തിയിട്ടുണ്ട‌്.



