കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിക്കപ്പെട്ട’ പിന്നെ സിനിമാസ്റ്റൈൽ അലർച്ച പൊലീസുകാരന്റെ വീഡിയോ വൈറലാകുന്നു

ബംഗളൂരു: കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. കെപി അഗ്രഹാര പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഗോവിന്ദരാജുവാണ് നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ പിടിയിലായത്. ജനുവരി 29നായിരുന്നു സംഭവം. ലോകായുക്ത ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തപ്പോൾ അലറി വിളിക്കുന്ന യൂണിഫോമിലുള്ള ഗോവിന്ദരാജുവിന്റെ വീഡിയോയാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
കെപി അഗ്രഹാര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു വഞ്ചനാ കേസുമായി ബന്ധപ്പെട്ട് ഇയാൾ 42കാരനായ എംഡി അക്ബറിൽ നിന്ന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. പണം നൽകിയാൽ അക്ബറിന് ജാമ്യം നേടാൻ സഹായിക്കാമെന്ന് ഗോവിന്ദരാജു വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു. അക്ബറും മറ്റുരണ്ട് പേരും കേസിൽ പ്രതികളാണെന്ന് ലോകായുക്ത പൊലീസ് പറഞ്ഞു. ജനുവരി 24 ന് ഒരു ലക്ഷം രൂപ പണമായി നൽകിയതായും ബാക്കി വ്യാഴാഴ്ച നൽകാമെന്ന് വാഗ്ദാനം ചെയ്തതായും ലോകായുക്ത പൊലീസിൽ അക്ബർ പരാതി നൽകി.
തുടർന്ന് ചാമരാജ്‌പേട്ടയിലെ സിറ്റി ആംഡ് റിസർവ് (സിഎആർ) ഗ്രൗണ്ടിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പൊലീസ് ഗോവിന്ദരാജുവിനെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ലോകായുക്ത പൊലീസ് അറിയിച്ചു. സംഭവം അങ്ങേയറ്റം ലജ്ജിപ്പിക്കുന്നതാണെന്നും ഇത് പൊലീസ് സേനയ്ക്ക് മുഴുവൻ നാണക്കേടാണെന്നും ബംഗളൂരു മുൻ പൊലീസ് കമ്മീഷണർ ഭാസ്‌കർ റാവു പറഞ്ഞു.



