പുതുതലമുറ മലയാള ഭാഷയെ സ്നേഹിക്കുന്നവരാകണം:ഡോ.സെബാസ്റ്റ്യന് ജോസഫ്

തൃശൂർ :നവമാധ്യമങ്ങളിൽ മലയാളം ഉപയോഗിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുന്നത് ശുഭോദർക്കമാണെന്നും ജെൻ സീ തലമുറയെക്കൂടി മലയാള ഭാഷയോട് ചേർത്തു നിർത്തുന്നതിൽ ശ്രദ്ധിച്ചാൽ ഭാഷയുടെ ഭാവി ശോഭനമാകുമെന്നും ഡോ.സെബാസ്റ്റ്യൻ ജോസഫ് അഭിപ്രായപ്പെട്ടു. ശ്രീ കേരളവർമ്മ കോളേജ് മലയാള വിഭാഗം അസോസിയേഷൻ പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവൽഭാഷകളെല്ലാം പദങ്ങൾ കൈമാറ്റം ചെയ്തും കാലത്തിനു ചേർന്ന പുതിയ പദങ്ങൾ സൃഷ്ടിച്ചുമാണ് നിലനിൽക്കുന്നത്. ജെൻസീ തലമുറയുടെ ഭാഷയെയും ആ നിലയിലാണ് കണക്കാക്കേണ്ടത്. ഭാഷാശുദ്ധിയുടെ പേരിൽ പുതിയതലമുറയിൽ മലയാളപ്പേടി വളർത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളവിഭാഗം അധ്യക്ഷൻ ഡോ. എം. ആർ. രാജേഷ് അധ്യക്ഷനായ യോഗത്തിൽ ഗായകൻ അമൃത് അനിൽകുമാർ മുഖ്യാതിഥിയായി. ഡോ. ആദർശ് സി., അസ്സോസിയേഷൻ സെക്രട്ടറി അഞ്ജലി എസ്.എസ്. , കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ ഡി. അഷ്ടമി, കൃഷ്ണപ്രിയ കെ.എസ്. എന്നിവർ സംസാരിച്ചു.



