ശബരിമല സ്വർണക്കൊള്ള; കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണപരിധിയിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കൊടിമരം മാറ്റിസ്ഥാപിച്ചതിലും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. 2017ൽ കൊടിമരം മാറ്റി സ്ഥാപിച്ചപ്പോൾ പ്രയാർ ഗോപാലകൃഷ്ണനായിരുന്നു ദേവസ്വം പ്രസിഡന്റ്. ഹെെക്കോടതിയുടെ നിർദേശപ്രകാരമാണ് എസ്ഐടിയും വിജിലൻസും ഇതിൽ അന്വേഷണം തുടങ്ങിയത്.

അതേസമയം, ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിൽ നി​ന്ന് സ്വർണം കവർന്ന കേസിലും കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താൻ കൊല്ലം വിജിലൻസ് കോടതി ജഡ്ജി സിഎസ് മോഹിത് എസ്ഐടിക്ക് അനുമതി നൽകി. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയുടെ ജാമ്യാപേക്ഷ 19ന് പരി​ഗണി​ക്കും.വിജിലൻസ് കോടതി ആവശ്യപ്പെട്ട സത്യവാങ്മൂലം നൽകാൻ, പ്രതിയായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഇന്നലെ കൂടുതൽ സമയം ആവശ്യപ്പെട്ടു.

ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ നടത്താൻ, റിമാൻഡിൽ കഴിയുന്ന സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ ഒപ്പ് ബ്ലാങ്ക് ചെക്കിൽ വാങ്ങുന്നതിന് അനുമതി തേടിയപ്പോഴാണ് സത്യവാങ്മൂലം ഹാജരാക്കാൻ ആവശ്യപ്പെട്ടത്. പണം എന്താവശ്യത്തിന്, ജീവനക്കാരുടെ എണ്ണം, ശമ്പളത്തിനു വേണ്ടിവരുന്ന തുക തുടങ്ങിയവ സംബന്ധിച്ചാണ് വിശദമായ സത്യവാങ്മൂലം നൽകാൻ കോടതി നിർദ്ദേശിച്ചത്.

ഡിസംബർ 19നാണ് ഭണ്ഡാരി അറസ്റ്റിലായത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 29 വരെ നീട്ടി. നവംബർ 20ന് ആണ് പത്മകുമാർ അറസ്റ്റിലായത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. സിജു രാജൻ ഹാജരായി. ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *