കരൂർ ദുരന്തം; വിജ‌‌യ്‌‌യുടെ മൊഴിയെടുക്കൽ പൂർത്തിയായി, ചോദ്യം ചെയ്യൽ നീണ്ടത് അഞ്ച് മണിക്കൂർ

ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷനും നടനുമായ വിജയ്‌‌‌യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് നടപടികൾ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൂർത്തിയായത്. മൂന്നംഗ സിബിഐ സംഘമാണ് വിജയ്‌യെ ചോദ്യം ചെയ്തത്.

നിലവിൽ ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്‌‌യുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. 35ലധികം ചോദ്യങ്ങളാണ് അന്വേഷണസംഘം താരത്തോട് ചോദിച്ചതെന്നാണ് വിവരം. സുപ്രീം കോടതിയിലെ അഭിഭാഷകർ ഉൾപ്പെടെയുള്ളവർ വിജയ്‌ക്കൊപ്പം സിബിഐ ആസ്ഥാനത്ത് ഉണ്ടായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം അത് പരിശോധിക്കാനായി വിജയ്ക്ക് നൽകുകയും ചെയ്തു.

കരൂരിലെ പരിപാടിയുടെ സംഘാടകർ ആരായിരുന്നു, പരിപാടിയുടെ പൂർണ്ണ ഉത്തരവാദിത്വം ആർക്കായിരുന്നു, വിജയ് പരിപാടിക്ക് വൈകിയെത്തിയത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളാണ് സിബിഐ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആളുകൾ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും പ്രസംഗം തുടർന്നത് എന്തുകൊണ്ടാണെന്നും, വൈകിയെത്തിയത് സ്വന്തം ശക്തി പ്രകടിപ്പിക്കാനാണോ എന്നുമുള്ള കടുത്ത ചോദ്യങ്ങളും സിബിഐ ഉയർത്തിയതായാണ് റിപ്പോർട്ടുകൾ.

ടിവികെ പാർട്ടി നേതാക്കളായ എൻ ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ നേരത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. അതേസമയം വിജയ് ആദ്യമായിട്ടാണ് അന്വേഷണസംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാ‌ജരായത്.സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) വിശ്വാസമില്ലെന്നും കേസ് സിബിഐയ്ക്ക് വിടണമെന്നും ടിവികെ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രീം കോടതി വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇന്ന് രാവിലെ 10:30ഓടെയാണ് ചോദ്യം ചെയ്യലിനായി വിജയ് ഡൽഹിയിൽ എത്തിയത്. താരത്തെ കാണാനായി സിബിഐ ആസ്ഥാനത്തിന് മുന്നിൽ വൻതോതിൽ ആരാധകരും ടിവികെ പ്രവർത്തകരും എത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *