മുഖ്യമന്ത്രി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടത് ആംബുലൻസ് ഉദ്ഘാടന ചടങ്ങിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ ഒന്നാംപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമൊത്തുള്ള കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ പുറത്തു വന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടന്നെന്ന് ആരോപിച്ച് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ ചിത്രങ്ങൾ പൊലീസ് ആംബുലൻസിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സി.പി.എം. ഇതിന്റെ ദൃശ്യങ്ങൾ സി.പി.എം നേതാവ് കെ.എസ്. അരുൺകുമാർ പുറത്തുവിട്ടു.

ശബരിമല സ്വർണ്ണപ്പാളി കടത്ത് കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ സെക്രട്ടറിയേറ്റിലെ പോർട്ടിക്കോയിൽ വച്ചാണ് കണ്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ശബരിമലയിലെ ആവശ്യത്തിനായി ഒരു ആംബുലൻസ് പൊലീസിന് കൈമാറുന്നതായിരുന്നു ആ ചടങ്ങ്. ആ ചടങ്ങിലെ ദൃശ്യങ്ങളിൽ നിന്നും കട്ട് ചെയ്തെടുത്ത് വ്യാജമായി നിർമ്മിച്ച ചില ചിത്രങ്ങളാണ് പല കോൺഗ്രസ് നേതാക്കളും ഉപയോഗിച്ചതെന്ന് ദൃശ്യങ്ങൾ പങ്കുവച്ച് അരുൺകുമാർ കുറിച്ചു.

ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിന്റെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. താക്കോൽ കൈമാറുമ്പോൾ മുഖ്യമന്ത്രിക്കൊപ്പം പോറ്റിയും സമീപം നിൽക്കുന്നതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് കൈകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൺ പോറ്റിയുമായുള്ള രണ്ട് ഫോട്ടോകളിൽ ഒന്ന് എ.ഐ ആണെന്നും രണ്ടാമത്തെ ഫോട്ടോയുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രണ്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഉൾപ്പെടെ അറസ്റ്റിലായതോടെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പമുള്ള സോണിയ ഗാന്ധിയുടെ ചിത്രം പരാമർശിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ ഇടതുനേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ താൻ കാണുന്നതിന് മുൻപ് മുഖ്യമന്ത്രിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ കണ്ടെതെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മറുപടി നൽകി. പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്പം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസ് നേതാക്കളുടെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *