‘അതൊരു തമാശ ചോദ്യമായിരുന്നു, ആരെയും ലക്ഷ്യമിടണമെന്ന് ഉദ്ദേശമില്ല’; ഗൗരിയോട് ക്ഷമ ചോദിച്ച് യൂട്യൂബർ

ചെന്നൈ: പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടയിൽ നടി ഗൗരി കിഷനെ അധിക്ഷപിച്ചതിൽ ക്ഷമ ചോദിച്ച് യൂട്യൂബർ ആർ എസ് കാർത്തിക്. നടിയുടെ ഭാരം എത്രയാണെന്ന സംവിധായകനോട് യൂട്യൂബർ ചോദിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. ഗൗരി കാ‌ർത്തികിന് ചുട്ടമറുപടിയും നൽകിയിരുന്നു. ഇതിനുപിന്നാലെ സിനിമാലോകത്ത് നിന്നും സോഷ്യൽ മീഡിയയിൽ നിന്നും താരത്തിന് വലിയ രീതിയിലുളള പിന്തുണയാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് കാർത്തിക് ക്ഷമ ചോദിച്ചുളള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ നടത്തിയ പത്രസമ്മേളനത്തില്‍ താന്‍ മാപ്പ് പറയില്ലെന്നായിരുന്നു യൂട്യൂബറുടെ നിലപാട്. എന്നാല്‍ സോഷ്യല്‍ മീഡിയയിൽ പ്രതിഷേധങ്ങൾ ശക്തമായതോടെയാണ് കാർത്തിക് ക്ഷമ ചോദിച്ചിരിക്കുന്നത്. തന്റേത് തമാശ ചോദ്യം മാത്രമായിരുന്നുവെന്നാണ് കാർത്തിക് പറയുന്നത്. ഗൗരി തെറ്റിദ്ധരിച്ചതാണെന്നും അവര്‍ക്ക് വിഷമമുണ്ടാക്കിയെന്ന് മനസിലാക്കുന്നുവെന്നും യൂട്യൂബർ കൂട്ടിച്ചേർത്തു. അതേസമയം തന്റെ ചോദ്യത്തില്‍ തെറ്റുണ്ടെന്ന് അംഗീകരിക്കാന്‍ കാര്‍ത്തിക് ഇപ്പോഴും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

‘എന്റെ ചോദ്യം മറ്റൊരു വിധത്തിലാണ് എടുത്തത്. എന്നെ വിഡ്ഢിയെന്നും സെൻസില്ലാത്തവനെന്നും വിളിച്ചു.അതിനാല്‍ അടുത്ത പ്രസ് മീറ്റില്‍ ചോദ്യം ചെയ്യേണ്ടി വന്നു. അവരെ ഞാൻ ബോഡി ഷെയ്‌മിംഗ് ചെയ്തിട്ടില്ല. നായകനോട് അവരെ എടുത്തുയര്‍ത്തിയതിനെക്കുറിച്ച് ചോദിക്കുക മാത്രമാണ് ചെയ്തത്. അതൊരു തമാശ ചോദ്യമായിരുന്നു.

എന്നാല്‍ ഗൗരി തെറ്റിദ്ധരിച്ചു. അവരെയത് മാനസികമായി വിഷമിപ്പിച്ചെന്ന് മനസിലാക്കുന്നു.ആരേയും ലക്ഷ്യമിടണമെന്ന ഉദ്ദേശം തനിക്കില്ലെന്ന് അവര്‍ ഇന്ന് ട്വീറ്റ് ചെയ്തത് കണ്ടു. എനിക്കും അവരെ വിഷമിപ്പിക്കണമെന്ന് ഉദ്ദേശമില്ല. ഈ സംഭവം മൂലം അവര്‍ക്കെന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എല്ലാവരും അവര്‍ക്ക് പിന്തുണയറിയിക്കുമ്പോള്‍ ഞാനും ഇറങ്ങി വരണമെന്നത് മനസിലാക്കുന്നു, എന്റെ ഖേദം അറിയിക്കുന്നു’- കാർത്തിക് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *