പിഎം ശ്രീ വിവാദം: വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇത് കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയുടെ പേരില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു.
വിദ്യാഭ്യാസമന്ത്രിയെ നേരിടുന്ന തരത്തിലേക്ക് സമരം മാറുമെന്നും മര്യാദക്കു സമരം ചെയ്യാൻ വന്നവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഏതോ ആര്‍എസ്എസ് പൊലീസുകാരനാണ് ചെയ്തത്. രക്തരൂക്ഷിത സമരങ്ങളിലേക്ക് പോകേണ്ടിവരും. എല്‍ഡിഎഫ് ഗൗരവമായി ചർച്ച ചെയ്ത് മാറ്റി വച്ച കാര്യം ഇരുളിന്‍റെ മറവിൽ നടപ്പാക്കി. പദ്ധതിയിൽ നിന്നും പിൻമാറുന്നതുവരെ സമരം നടത്തും എന്നും സമരക്കാര്‍ വ്യക്തമാക്കി.
പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്കാണ് പ്രവർത്തകർ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി . തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും കോലം കത്തിച്ചു.



