‘സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ’; തൃശൂരിൽ ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃശൂർ വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടിയിൽ പങ്കെടുത്തതിനുശേഷം പിറ്റേദിവസം കോൺഗ്രസിൽ ചേർന്നത്. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാർട്ടി വിടാൻ കാരണമെന്നും കലുങ്ക് സംവാദത്തിനിടെ ബിജെപി മന്ത്രി അപമാനിച്ചെന്നും പാർട്ടി വിട്ടവർ പറഞ്ഞു.

വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് ബിജെപി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡ് അംഗങ്ങളായ സജീവ ബിജെപി പ്രവർത്തകരായിരുന്നു ഇവർ. ഈ മാസം 18ാം തീയതിയാണ് വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാർഡിൽ കലുങ്ക് സംവാദം നടന്നത്.

സംവാദ പരിപാടിയിൽ ആദ്യാവസാനം വരെ പങ്കെടുത്ത ഇവർ പിറ്റേന്ന് കോൺഗ്രസിൽ ചേരുകയായിരുന്നു.’മന്ത്രിയുടെ പെരുമാറ്റത്തിൽ താത്പര്യമില്ലായ്‌മ തോന്നിയതുകൊണ്ടാണ് പാർട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ. രാഹുൽ ഗാന്ധി സാധാരാണക്കാരുടെ കടയിൽ പോയി ചായ കുടിക്കും. എന്നാൽ എല്ലാവരും പ്രജകളാണെന്ന് കരുതുന്ന സുരേഷ് ഗോപിക്ക് അത് പറ്റില്ല’- പാർട്ടിവിട്ട പ്രസാദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *