സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ട’; ഹിജാബ് വിവാദത്തിൽ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ; വി ശിവൻകുട്ടി

തിരുവനന്തപുരം: ഹിജാബ് വിവാദത്തിൽ പള്ളുരുത്തി സ്‌കൂൾ മാനേജ്‌മെന്റിനെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയവത്‌കരിക്കാൻ മാനേജ്‌മെന്റ് ആസൂത്രിത ശ്രമം നടത്തിയെന്നും മന്ത്രി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അഭിഭാഷകയുടെ പരാമർഷങ്ങൾ പ്രശ്‌നം വഷളാക്കുന്ന വിധത്തിലുള്ളതാണെന്നും മന്ത്രി പറഞ്ഞു. പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും മന്ത്രി നിർദേശിച്ചു.

ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് സ്കൂളിൽ തുടരാം എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നാണ് കുട്ടിയുടെ പിതാവ് അനസ് പ്രതികരിച്ചത്. വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതായി സ്കൂൾ അധികൃതർ നേരത്തേ പറഞ്ഞു. ഹിജാബ് ധരിക്കാതെ സ്‌കൂളിൽ വരണമെന്ന മാനേജ്‌മെന്റിന്റെ നിബന്ധന നേരത്തെ നടന്ന സമവായ ചർച്ചയിൽ വിദ്യാർത്ഥിനിയുടെ പിതാവ് അംഗീകരിച്ചിരുന്നു.

എന്നാൽ, സ്‌കൂൾ മാനേജ്‌മെന്റിനെ വിമർശിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പരിഹരിക്കപ്പെട്ടെന്ന് കരുതിയ വിവാദം വീണ്ടും തലപൊക്കുകയായിരുന്നു.മുൻപ് നിബന്ധന സ്വീകാര്യമെന്ന് വ്യക്തമാക്കിയ രക്ഷിതാവ് സമ്മതപത്രം നൽകുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. സമ്മതപത്രം നൽകിയാൽ കുട്ടിക്ക് സ്കൂളിൽ തുടരാമെന്ന നിലപാടാണ് മാനേജ്മെന്റ് ആവർത്തിക്കുന്നത്. അനിശ്ചിതത്വം തുടരുന്നതിനിടെ കുട്ടി ഇന്നും സ്കൂളിലെത്തിയില്ല. പനിയാണെന്നാണ് വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *