രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന എസി ബസിന് തീപിടിച്ച സംഭവം; മരിച്ച 20 പേരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ജയ്പൂര്‍: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന എസി ബസിന് തീപിടിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്നും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ജയ്‌സാല്‍മീറില്‍ നിന്ന് ജോധ്പൂരിലേക്ക് പോവുകയായിരുന്ന ബസിലാണ് തീപിടിച്ചത്.

ബസില്‍ 57 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തില്‍ 20 പേര്‍ മരിച്ചു. ഗുരുതരപരിക്കേറ്റ 16 പേര്‍ ചികിത്സയിലാണ്. ജയ്‌സാല്‍മീറില്‍ നിന്ന് പുറപ്പെട്ട് ഏകദേശം 20 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ബസില്‍ നിന്ന് പുകയുയര്‍ന്നു. ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തീപിടിക്കുകയും ആളിക്കത്തുകയുമായിരുന്നു. ഗ്രാമവാസികളും മറ്റ് വാഹന യാത്രക്കാരും ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് പൂര്‍ണമായും കത്തിക്കരിഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ അപകട സ്ഥലം സന്ദര്‍ശിച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ഹൃദയഭേദകമായ സംഭവമാണുണ്ടായതെന്ന് മുഖ്യമന്ത്രി എക്സില്‍ കുറിച്ചു. ‘പരിക്കേറ്റവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തോടൊപ്പമുണ്ടാകും. പറ്റാവുന്ന എല്ലാ പിന്തുണയും അവര്‍ക്ക് നല്‍കും’- മുഖ്യമന്ത്രി അറിയിച്ചു.അതേസമയം, ബസില്‍ തീപടര്‍ന്നതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *