മെട്രോക്കുള്ളിൽ യുവതികളുടെ പൊരിഞ്ഞയടി; കാണാൻ നല്ല രസമുണ്ടെന്ന് സൈബർലോകം

ഡൽഹി മെട്രോയിൽ നിന്നുള്ള പല സംഭവങ്ങളും വൈറലാവാറുണ്ട്. റീൽസ് ചിത്രീകരണവും കമിതാക്കളുടെ സ്‌നേഹപ്രകടനവും അസാധാരണ വസ്ത്രധാരണവുമെല്ലാം ഇന്റർനെറ്റിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ഡൽഹി മെട്രോയിൽ രണ്ട് സ്‌ത്രീകൾ തമ്മിലെ പൊരിഞ്ഞ അടിയുടെ ദൃശ്യങ്ങളാണിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
മെട്രോയിലെ ആളൊഴിഞ്ഞ കോച്ചിലാണ് സംഭവം നടന്നത്. ചെറിയ വാക്കുതർക്കം പൊരിഞ്ഞ അടിയിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. ഒരു സ്ത്രീ സീറ്റിൽ കിടക്കുന്നതും അവർക്ക് മുകളിലായി മറ്റൊരു സ്ത്രീ നിന്നുകൊണ്ട് ഇടിക്കുകയും അടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. സീറ്റിൽ കിടക്കുന്ന സ്ത്രീയും തിരിച്ച് മർദ്ദിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു സ്ത്രീ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇവർ ആരൊക്കെയാണെന്നോ എന്താണ് മർദ്ദനകാരണമെന്നോ വ്യക്തമല്ല.
വീഡിയോയ്ക്ക് രസകരമായ കമന്റുകളും വരുന്നുണ്ട്.’ഡൽഹി മെട്രോ എപ്പോഴും ആസ്വാദ്യകരമാണ്’, ‘ഡൽഹി മെട്രോയിൽ യാത്ര ചെറുതാണെങ്കിലും അടിപിടി നീണ്ടതാണ്,’ ‘സീറ്റുകൾ മുഴുവൻ ഒഴിഞ്ഞുകിടക്കുന്നു, എന്നാലിവർ സീറ്റിനായി അടികൂടുന്നു’, ‘സ്ത്രീകളുടെ പോരാട്ടങ്ങൾ കാണാൻ രസകരമാണ്. ആക്രമണം 100 ശതമാനം, മുടി പിടിച്ചുവലിക്കൽ 200 ശതമാനം, നാശനഷ്ടം 10 ശതമാനം’- എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്.