കീമിന്‍റെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു;  കേരള സിലബസുകാർ പിന്നിൽ

തിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) പ്രവേശന പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചു. ഹൈകോടതി നിർദേശത്തെ തുടർന്ന് പഴയ ഫോർമുല (1:1:1) പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ആണ് രാത്രി ഒമ്പത് മണിയോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചത്.

അതേസമയം, പുതുക്കിയ റാങ്ക് പട്ടികയിൽ വലിയ മാറ്റമാണ് റിപ്പോർട്ട് ചെയ്തത്. കേരള സിലബസുകാർ പട്ടികയിൽ ഏറെ പിന്നിലായി. ഒന്നാം റാങ്കുകാരനടക്കം പുതുക്കിയ പട്ടികയിൽ മാറിയിട്ടുണ്ട്. ഒന്നാം റാങ്കുകാരൻ പുതുക്കിയ പട്ടികയിൽ ഏഴാം റാങ്കുകാരനായി.

രണ്ടാം റാങ്കുകാരന് മാറ്റമില്ല. മൂന്നാം റാങ്കുകാരൻ എട്ടാം സ്ഥാനത്തെത്തി. നാലാം റാങ്കുകാരന് മാറ്റമില്ല. എന്നാൽ, അഞ്ചാം റാങ്കുകാരൻ ഒന്നാം റാങ്കുകാരനായി മാറി.

ആദ്യ റാങ്ക് പട്ടിക പ്രകാരം ആദ്യ 100 റാങ്കിൽ 43 പേർ കേരള സിലബസിൽ നിന്നുള്ളവരായിരുന്നു. എന്നാൽ പുതുക്കിയ റാങ്ക് പട്ടിക പ്രകാരം 21 പേരാണ് ആദ്യ 100 റാങ്കിൽ ഉൾപ്പെട്ടത്.

ആദ്യ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾഒന്നാം റാങ്കുകാരൻ കേരള സിലബസ് വിദ്യാർഥിയാണ്. പുതുക്കിയ പട്ടിക പ്രകാരം തിരുവനന്തപുരം സ്വദേശി ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. ആദ്യ പട്ടികയിൽ അഞ്ചാം റാങ്കുകാരനായിരുന്നു ജോഷ്വ.

കീം വെയ്റ്റേജ് സ്കോർ നിർണയ ഫോർമുലയിൽ ഭേദഗതി വരുത്തിയ സിംഗിൾ ബെഞ്ച് വിധി ശരിവെച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സംസ്ഥാന സർക്കാർ ഇന്ന് തീരുമാനിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് തീരുമാനം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *